വിമാനം വൈകി; കണ്ണന്താനത്തിനു നേരെ കയര്‍ത്ത് വനിതാ ഡോക്ടറുടെ പ്രതിഷേധം

ഇംഫാല്‍: കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ വനിതാ ഡോക്ടര്‍ പരസ്യമായി ശാസിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുന്നു. മന്ത്രി വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് ഇംഫാല്‍ വിമാനത്താവളത്തില്‍ ഡോക്ടര്‍ മലയാളിയായ മന്ത്രിക്കെതിരെ തിരിഞ്ഞത്. ഉദ്യോഗസ്ഥരും സഹയാത്രികരും നോക്കിനില്‍ക്കെ പൊട്ടിത്തെറിച്ച ഡോക്ടറെ സമാശ്വസിപ്പിച്ച് രംഗം ശാന്തമാക്കാന്‍ കണ്ണന്താനം ശ്രമിച്ചെങ്കിലും വൃഥാവിലാവുകയായിരുന്നു.

ബിഹാറിലെ പട്‌നയില്‍ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ചികിത്സിക്കാന്‍ പുറപ്പെട്ട ഡോക്ടറാണ് വിമാനം രണ്ട് മണിക്കൂറിലേറെ വൈകിയതില്‍ പ്രതിഷേധിച്ച് മന്ത്രിക്കെതിരെ തിരിഞ്ഞത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിനാല്‍ വിമാനങ്ങളുടെ സമയക്രമം താളം തെറ്റിയിരുന്നു. രാഷ്ട്രീയക്കാര്‍ കാരണം, സാധാരണ യാത്രക്കാരുടെ സമയം നഷ്ടപ്പെടുന്നതിലുള്ള പ്രതിഷേധം കണ്ണന്താനത്തിനു നേരെ വിരല്‍ചൂണ്ടി സംസാരിച്ചാണ് യുവ ഡോക്ടര്‍ രേഖപ്പെടുത്തിയത്. ്ഇനി വിമാനം വൈകില്ലെന്ന് എഴുതി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും തനിക്ക് അതിനുള്ള അര്‍ഹത ഇല്ലെന്നാണ് കണ്ണന്താനം പറഞ്ഞത്.

ഉച്ചക്ക് 2.45 ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിയോടെ മാത്രമാണ് പുറപ്പെട്ടത്.