തന്നെ കസ്റ്റഡിലെടുത്തതുകൊണ്ട് യു.പി പൊലീസിലെ കുറച്ച് പേര്‍ക്കെങ്കിലും സിഎഎക്കെതിരെ പ്രതിഷേധിക്കണമെന്ന് മനസ്സിലായി; കണ്ണന്‍ ഗോപിനാഥന്‍

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയില്‍ ചര്‍ച്ചക്കെത്തിയതിന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് ശേഷം ആദ്യ പ്രതികരണവുമായി കണ്ണന്‍ ഗോപിനാഥന്‍. തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും അതുകൊണ്ട് ഗുണമുണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. തന്നെ പിടികൂടാനെത്തിയ ഉത്തര്‍പ്രദേശ് പൊലീസിലെ ചിലര്‍ക്കെങ്കിലും പൗരത്വ ഭേദഗതി നിയമം എന്താണ് എന്ന് മനസിലായിട്ടുണ്ടെന്ന് കണ്ണന്‍ ഗോപിനാഥ് ട്വിറ്ററില്‍ കുറിച്ചു.

‘എന്തുതന്നെയായാലും ഉത്തര്‍ പ്രദേശ് പൊലീസിലെ പത്ത് ഇരുപത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെങ്കിലും എന്താണ് സിഎഎ, എന്‍ആര്‍സി എന്നും, എന്തുകൊണ്ട് അവരും പ്രതിഷേധിക്കണമെന്നും മനസിലായിട്ടുണ്ട്. അതുകൊണ്ട് ഇനി കസ്റ്റഡിയിലെടുക്കാന്‍ വരുമ്പോള്‍ കൂടുതല്‍ സംഘവുമായി വരണം കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് പൊലീസിന്റെ ട്വിറ്റര്‍ പേജ് ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്.കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ശേഷം ഉത്തര്‍പ്രദേശിനെ ‘ബനാനാ റിപ്പബ്ലിക്’ എന്നായിരുന്നു കണ്ണന്‍ ഗോപിനാഥ് പരിഹസിച്ചത്.

SHARE