പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ട്രോളി കണ്ണന്‍ ഗോപിനാഥന്‍

ഏപ്രില്‍ അഞ്ച് ഞായറാഴ്ച വൈകിട്ട് എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിക്കും ക്ഷാമമില്ലെന്നും എന്നാല്‍ ഇനി അതുണ്ടാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

കൊറോണ ഭീതി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഞായറാഴ്ച വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിട്ട് വെളിച്ചം തെളിക്കണമെന്നും മോദി പറഞ്ഞു. കൊറോണക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് നടക്കുന്നതെന്നും ഇതില്‍ എല്ലാ ജനങ്ങളും പങ്കാളിയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചവെന്നും മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് ഇതിലൂടെ പ്രകടമായത്. സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണിതെന്നും പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.