കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരല്ല പരാജയപ്പെട്ടത് രാജ്യമാണ്; കണ്ണന്‍ ഗോപിനാഥന്‍

കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരല്ല രാജ്യമാണ് പരാജയപ്പെട്ടതെന്ന് മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍നിന്നും രാജിവെച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് മനസിലായിട്ടും അതിനെതിരെ ഒന്നും മിണ്ടാത്തവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിനുള്ളതുപോലെ അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

രാജ്യത്ത് നടക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്നും ഇത്തരത്തില്‍ മാത്രമേ പ്രതിഷേധിക്കാന്‍ കഴിയൂ എന്നും വ്യക്തമാക്കിയാണ് കണ്ണന്‍ സര്‍വ്വീസില്‍നിന്നും രാജിവെച്ചിരുന്നത്. രാജ്യത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുകാണ്. 50 ദിവസത്തില്‍ അധികമായി രാജ്യത്തെ ഒരു സംസ്ഥാനത്ത് മൗലിക അവകാശങ്ങള്‍ ഇല്ലാതായിട്ട്. ജമ്മു കാശ്മീരിലേത് അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.