വിവിപാറ്റ് വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്തിയത് തിരിമറികള്‍ എളുപ്പമാക്കിയെന്ന് മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍

ന്യൂഡല്‍ഹി: വിവിപാറ്റ് വോട്ടിംഗ് മെഷീനിനെക്കുറിച്ച് ഗുരുതര ആരോപണവുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. വിവിപാറ്റ് ഉള്‍പ്പെടുത്തിയത് വോട്ടിംഗ് മെഷീനിലെ തിരിമറി എളുപ്പമാക്കിയെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാശ്മീര്‍ വിഷയത്തിലുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്. ദാദ്ര ആന്‍ഡ് നഗര്‍ഹവേലി കളക്ടറായിരുന്നു കണ്ണന്‍ ഗോപിനാഥന്‍.

‘നേരത്തെ ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ അവയിപ്പോള്‍ വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ ബാലറ്റ് യൂണിറ്റില്‍ അമര്‍ത്തുന്ന വോട്ട് നേരിട്ട് അല്ല കണ്‍ട്രോള്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നാണ്. വിവിപാറ്റാണ് കണ്‍ട്രോള്‍ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നത്.’

ഒരു മെമ്മറിയും പ്രിന്റര്‍ യൂണിറ്റും മാത്രമുള്ള ലളിതമായ പ്രൊസസറാണ് വിവിപാറ്റ്. പ്രൊസസറും പ്രോഗ്രാം ചെയ്യാവുന്ന മെമ്മറിയുമുള്ള എന്തും ഹാക്ക് ചെയ്യാനാകുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. ഏതെങ്കിലും മാല്‍വെയര്‍ വിവിപാറ്റില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആ സിസ്റ്റം മുഴുവന്‍ തകിടം മറിയും. ഇത്തരം ഡിസൈനില്‍ വിവിപാറ്റിലൂടെ വോട്ടിങ്ങ് പ്രക്രിയയില്‍ ആകെ തിരിമറി നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE