മുംബൈ: മതവിദ്വേഷവും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്തതിന് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ഒരുലക്ഷത്തിനടുത്ത് ആളുകളാണ് രംഗോലിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.
ബോളിവുഡ് സംവിധായിക റീമ കഗ്തി, ടെലിവിഷന്‍ നടി കുബ്ര സേട്ട്, ജ്വല്ലറി ഡിസൈനര്‍ ഫറ അലി ഖാന് തുടങ്ങിയ നിരവധി പേര് ഈ അക്കൗണ്ടിനെതിരെ രംഗത്തുവന്നിരുന്നു. നിരന്തരം മോദി-ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ ട്വീറ്റ് ചെയ്യുന്ന രംഗോലിക്ക് മതവിഭാഗീയത വളര്‍ത്തുന്ന ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ ട്വിറ്റര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ദേശവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണ് രംഗോലി ഇതോട് പ്രതികരിച്ചിരുന്നത്.
‘കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിച്ചെന്നു. ഈ മുല്ലമാരെയും സെക്കുലാര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം’, എന്നായിരുന്നു കഴിഞ്ഞ ദിവസം രംഗോലി ട്വീറ്റില്‍ കുറിച്ചത്. ഈ ട്വീറ്റിലാണ് ട്വിറ്റര്‍ നടപടിയെടുത്തത്. ഇതിനെതിരെയാണ് റീമയും ഫറ അലിഖാനും രംഗതെത്തിയിരുന്നതും.
2024 ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും നരേന്ദ്രമോദിയെ വീണ്ടും അധികാരത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം രംഗോലി ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മോദി രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കരകയറ്റുമെന്ന് പറഞ്ഞ രംഗോലി തെരഞ്ഞെടുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കേണ്ടി വരുന്നതിനാല്‍ അത് ബഹിഷ്കരിക്കാമെന്നും ട്വീറ്റില്‍ കുറിച്ചിരുന്നു. അഭിപ്രായങ്ങളില്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും തനിക്ക് പറയാനുള്ളതിനായി യൂ ട്യൂബില്‍ അക്കൗണ്ട് തുടങ്ങുമെന്നും ഈയിടെ അവര്‍ പറഞ്ഞിരുന്നു.