‘സുശാന്തിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ?’; ബോളിവുഡ് നടി കങ്കണ റാണൗട്ട്

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡിനെ പരോക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റനൗട്ട്. സുശാന്തിന് സിനിമാമേഖലയില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് കങ്കണ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ അഞ്ച് ചിത്രങ്ങള്‍ മുടങ്ങി പോയെന്നും മരണത്തെ കുറിച്ച് ചിലര്‍ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും കങ്കണ വീഡിയോയില്‍ വ്യക്തമാക്കി. ‘മികച്ച സിനിമകള്‍ ചെയ്തയാളായിട്ടും അദ്ദേഹത്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. പഠനത്തിലും മിടുക്കനായിരുന്ന താരത്തെക്കുറിച്ച് മാധ്യമങ്ങളെ ഉപയോഗിച്ച് ചില തെറ്റിദ്ധാരണകള്‍ പരത്തുകയാണ്. സിനിമയില്‍ തനിക്ക് ഗോഡ്ഫാദറില്ലെന്നും താന്‍ പുറത്താകുമെന്നുമൊക്കെ പലപ്പോഴും സൂചിപ്പിച്ചിരുന്ന താരം തന്റെ സിനിമകള്‍ കാണാന്‍ അപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ചിക്‌ചോരെ പോലുള്ള മികച്ച സിനിമകള്‍ ഉണ്ടായിട്ടും അതിനൊന്നും ഒരു പുരസ്‌കാരവും എവിടെയും ലഭിച്ചില്ലെന്നും കങ്കണ പറഞ്ഞു.

സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ക്യൂട്ടായി തോന്നുന്നവരാണ് സുശാന്ത് മനോരോഗിയാണെന്നും, മയക്കുമരുന്നിനടിമയാണെന്നും പ്രചരിപ്പിക്കുന്നതെന്നും ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ചോദിച്ചുകൊണ്ടുമാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.’