കാഞ്ഞങ്ങാട്: ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ മദ്രസയിലെ അദ്ധ്യാപകരെ നിയോഗിക്കാവൂ എന്ന് കാസര്‍ക്കോട് പൊലീസിന്റെ വിവാദ സര്‍ക്കുലര്‍. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ സ്റ്റേഷന്‍ പരിധിക്കു കീഴില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ മഹല്ല്/പള്ളി ഭാരവാഹികള്‍ക്ക് അയച്ചു.
‘താങ്കളുടെ മതപാഠശാലയിലെ അദ്ധ്യാപകരായി നിയോഗിക്കുന്നവരുടെയും, മറ്റു ജീവനക്കാരുടെയും പൂര്‍വ്വകാല ക്രിമിനല്‍, സാമൂഹിക പശ്ചാത്തലവും പരിശോധിച്ചു മാത്രമേ നിയമിക്കുവാന്‍ പാടുള്ളൂ എന്ന കാര്യം അറിയിച്ചു കൊള്ളുന്നു. സ്ഥാപനത്തില്‍ അത്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ എത്രയും വേഗം ആയതിന്റെ വിവരം അറിയിക്കേണ്ടതാകുന്നു’ – എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യം വച്ചുള്ള സര്‍ക്കുലറാണ് ഇതെന്നാണ് വിമര്‍ശം. മറ്റു പാഠശാലകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇല്ലാത്ത നിയമം മദ്രസകളെ മാത്രം ബാധിക്കുന്നത് എങ്ങനെ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.