ചെന്നൈ: ഹിന്ദി സംസാരിക്കാന്‍ അറിയാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ അനുഭവിക്കേണ്ടി വന്ന വിവേചനം പങ്കുവെച്ച് ഡിഎംകെ എംപി കനിമൊഴി. ഹിന്ദി സംസാരിക്കാന്‍ അറിയാത്ത താനൊരു ഇന്ത്യക്കാരിയാണോ എന്ന തരത്തില്‍ എയര്‍പോര്‍ട്ടില്‍ സംശയം ഉയര്‍ന്നതായി കനിമൊഴി ട്വീറ്റ് ചെയ്തു. എംപിയുടെ ആരോപണത്തില്‍ പ്രതികരണവുമായി സിഐഎസ്എഫും രംഗത്തുവന്നിട്ടുണ്ട്.
ട്വീറ്റ് ഇങ്ങനെ:
ഹിന്ദി അറിയാത്തതിനാല്‍ ഇന്ന് വിമാനത്താവളത്തില്‍ വച്ച് തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഒരു സിഐഎസ് ഉദ്യോഗസ്ഥ എന്നോട് ചോദിച്ചു, താനൊരു ഇന്ത്യാക്കാരി ആണോ എന്ന്. ഹിന്ദി അറിയുന്നത് ഇന്ത്യക്കാരനാകുന്നതിന് തുല്യമാകുന്നത് എപ്പോള്‍ മുതലാണെന്നത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹിന്ദി ഇമ്പോസിഷന്‍ എന്ന ഹാഷ്ടാഗും ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്.
അതെസമയം, അതിന് മറുപടിയുമായി സിഐഎസ്എഫും രംഗത്തുവന്നു. സിഐഎസ്എഫിന്റെ ഊഷ്മളമായ ആശംസകള്‍, നിങ്ങള്‍ക്കുണ്ടായ അസുഖകരമായ അനുഭവം മനസ്സിലാക്കുന്നു. ദയവായി യാത്രയുടെ വിവരങ്ങള്‍ വിമാനത്താവളത്തിന്റെ പേര്, സ്ഥലം, സമയം, എന്നിവ നല്കിയാല് തക്കതായ നടപടിയുണ്ടാകും. കനിമൊഴിക്ക് മറുപടിയായി നല്‍കിയിരിക്കുന്ന ട്വീറ്റിലാണ് സിഐഎസ്എഫ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഹിന്ദി കെട്ടിയേല്പ്പിക്കുന്നുവെന്ന് പറഞ്ഞ് നിരവധിയാളുകള്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.