‘ദീപിക മനോരോഗി, രണ്‍ബീര്‍ ലൈംഗികാതിക്രമം നടത്തുന്നവന്‍’; രൂക്ഷവിമര്‍ശനവുമായി കങ്കണ

ഡല്‍ഹി: സിനിമാ താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ശേഷം പ്രമുഖതാരങ്ങളടക്കമുള്ളവര്‍ക്കെതിരെ വ്യത്യസ്ത രീതിയിലുള്ള വിമര്‍ശനങ്ങളും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും മാഫിയകളെ കുറിച്ചുമെല്ലാം വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ റനൗട്ട് മുന്നോട്ടു വയ്ക്കുന്നത്.

ദീപിക പദുക്കോണിനും രണ്‍ബിര്‍ കപൂറിനുമെതിരെയാണ് കങ്കണയുടെ രൂക്ഷവിമര്‍ശനം. രണ്‍ബിര്‍ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യുമാണെന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ക്കിടെയാണ് കങ്കണയുടെ പരാമര്‍ശം. ‘രണ്‍ബിര്‍ കപൂര്‍ യഥാര്‍ത്ഥത്തില്‍ ലൈംഗികാതിക്രമം നടത്തുന്നവനാണ്. പക്ഷേ, ആരും അയാളെ പരസ്യമായി അങ്ങനെ വിളിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാല്‍ ആരും സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാന്‍ തയാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവര്‍ക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവര്‍ക്ക് ലഭിക്കണമെന്നില്ല.’ കങ്കണ പറയുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പോസ്റ്റുകള്‍ക്കു പിന്നാലെയാണ് രണ്‍ബിര്‍ കപൂറിനും ദീപികയ്ക്കും എതിരായ കങ്കണയുടെ പരാമര്‍ശം. അതേസമയം, സുശാന്തിന്റെ മരണത്തെ ഉപയോഗപ്പെടുത്തി അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.