നടി കങ്കണ റണോട്ട് കാറപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബോളിവുഡ് നടി കങ്കണ റണോട്ട് അമേരിക്കയില്‍ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന ‘സിമ്രാന്‍’ എന്ന ചിത്രത്തിനു വേണ്ടി യു.എസിലുള്ള കങ്കണ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.

ജോര്‍ജിയക്കു സമീപമുള്ള ഷൂട്ടിങ് സെറ്റില്‍ നിന്ന് അറ്റ്‌ലാന്റയിലെ താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന കങ്കണയടക്കമുള്ള സംഘത്തിന്റെ കാര്‍ ഓടിച്ചിരുന്നത് അമേരിക്കക്കാരനായ ഡ്രൈവറാണ്. ഹൈവേ 381-ലെ വേഗതയേറിയ മൂന്നാം ലൈനിലൂടെ കാര്‍ നീങ്ങുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഡ്രൈവര്‍ക്ക് തൊട്ടടുത്ത് ഇരിക്കുകയായിരുന്ന കങ്കണയുടെ ബോഡി ഗാര്‍ഡ് വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഹൈവേയുടെ മൂന്ന് ലൈനുകള്‍ ഭേദിച്ച വാഹനം ഇരുമ്പു വേലിയില്‍ ഇടിച്ചു നിന്നു.

നിയന്ത്രണം വിട്ടെങ്കിലും വാഹനം മറിയാതിരുന്നതാണ് കങ്കണ റണോട്ട് അടക്കമുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. നെറ്റിയിലും കൈയിലും ചെറിയ പരിക്കുകളേ നടിക്ക് ഏറ്റുള്ളൂ.

അപടകത്തിന്റെ ഷോക്കില്‍ നിന്ന് മുക്തി നേടുന്നതിന് ഷൂട്ടിങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കള്‍ തയാറായിരുന്നെങ്കിലും ബ്രേക്ക് വേണ്ടെന്ന തീരുമാനമാണ് കങ്കണ എടുത്തത്.

SHARE