താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നതെന്ന് ബിജെപിയെ പരിഹസിച്ച് കനയ്യകുമാര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവ് കന്നയ്യകുമാര്‍. എഐവൈഎഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു കനയ്യ.

മോദി കൈവീശി കാണിച്ചാലോ, ട്വീറ്റ് ചെയ്താലോ രാജ്യത്ത് പുരോഗതിയുണ്ടാകില്ലെന്ന് കനയ്യ പറഞ്ഞു. സ്‌കില്‍ ഇന്ത്യയല്ല, കില്‍ ഇന്ത്യയാണ് ഇവിടെ നടപ്പാക്കപ്പെടുന്ന പദ്ധതി. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരില്‍ രാജ്യത്ത് രാഷ്ട്രീയക്കളി നടത്തുകയാണ്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ അപകടങ്ങള്‍ തിരിച്ചറിയണമെന്നും കനയ്യകുമാര്‍ പറഞ്ഞു. ചെളിയില്‍ വിരിയുന്ന താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നതെന്ന് കന്നയ്യ പരിഹസിച്ചു. ആ താമരയ്ക്ക് കേരളത്തില്‍ ഇടം കിട്ടിയതിനെ പുരോഗമന സമൂഹം ജാഗ്രതയോടെ കാണണം. നരേന്ദ്രമോദി പ്രൈം മിനിസ്റ്ററല്ലെന്നും പ്രൈം മോഡലാണെന്നും ദേശഭക്തി മോദി ഭക്തിയാക്കി മാറ്റാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്നും കനയ്യ പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരില്‍ ജനശ്രദ്ധ തിരിച്ചുവിട്ട് യുദ്ധജ്വരം പടര്‍ത്താനുളള ശ്രമമാണ് നടക്കുന്നതെന്നും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണ് ചെയ്യുന്നതെന്നും കനയ്യ പറഞ്ഞു. ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതകളെ ഒരുപോലെ ചെറുക്കണമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.

SHARE