പുതപ്പും ഭക്ഷണവും ‘അടിച്ചുമാറ്റി’ യു.പി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്; ഇവര്‍ കള്ളന്മാരെന്ന് പ്രതിഷേധക്കാര്‍

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഉത്തര്‍പ്രദേശിന്റെ രീതി വീണ്ടും വിവാദമാവുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന സ്ത്രീകളുടെ ബ്ലാങ്കറ്റുകളും ഭക്ഷണവും പിടിച്ചെടുത്ത് യുപി പൊലീസ് നടപടിയാണ് വിവാദമാവുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. 500ഓളം സ്ത്രീകള്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ സമര പ്രഖ്യാപനവുമായി ഒരുമിച്ച് കൂടിയപ്പോഴായിരുന്നു പൊലീസെത്തി ഇവരുടെ ബ്ലാങ്കറ്റുകളും ഭക്ഷണ സാധനങ്ങളുടെ പിടിച്ചെടുത്ത് സ്ഥലംവിട്ടത്ത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യു.പി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

രാത്രിയില്‍ പ്രതിഷേധിക്കാനെത്തിയവരുടെ വസ്തുക്കള്‍ പൊലീസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം. ലക്‌നൗവിലെ ക്ലോക് ടവറിനു മുന്നിലെ സമരപന്തലില്‍ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ ആട്ടിയോടിപ്പിക്കുന്നതിനൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന പുതപ്പുകളടക്കം യുപി പൊലീസ് കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പുതപ്പുകള്‍ എടുത്ത പൊലീസിനെ തടഞ്ഞ് ഒരു സ്ത്രീ കള്ളന്‍ എന്ന് ആക്രോശിക്കുന്നുണ്ട്. ഇത് കള്ളന്‍മാരുടെ പൊലീസാണെന്ന് സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, ആരോപണങ്ങളെ നിഷേധിച്ച് പൊലീസ് രംഗത്തെത്തി. നുണകള്‍ പ്രചരിപ്പിക്കരുതെന്നും തങ്ങള്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം യുപിയില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന പൊലീസ് രീതി നേരത്തെ കുപ്രസിദ്ധമാണ്. പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 19 പേരാണ്. യുപി പൊലീസ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. അതിനു പിന്നാലെ യുപി പൊലീസ് മോഷ്ടാക്കളാണെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കി.