ആമിയെ ഉപേക്ഷിക്കില്ല: മഞ്ജു വാര്യര്‍

എഴുത്തുകാരിയും വ്യക്തിയുമെന്ന നിലകളില്‍ താന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കമല സുരയ്യയെ സിനിമയില്‍ അവതരിപ്പിക്കാന്‍ ലഭിച്ചത് സ്വപ്‌നതുല്യമായ നേട്ടമാണെന്ന് നടി മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് മഞ്ജു വ്യക്തമാക്കി. ആമി എന്ന കഥാപാത്രം എന്നിലേക്ക് വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. വിദ്യാബാലന്‍ ആമിയായി അഭിനയിക്കുമെന്ന് അറിഞ്ഞപ്പോള്‍ നന്നാകുമെന്ന് തോന്നി. വിദ്യാബാലന്‍ പിന്മാറിയെന്ന് അറിഞ്ഞപ്പോഴും തന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. പിന്നീട് കുറെ കഴിഞ്ഞാണ് കമല്‍ സാര്‍ തന്നെ വിളിച്ചതെന്ന് മഞ്ജു പറഞ്ഞു. ആളുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തോട് നീതി പുലര്‍ത്താന്‍ സാധിക്കണമെന്നു മാത്രമാണ് പ്രാര്‍ത്ഥന. കമല സുരയ്യയുടെ പുസ്തകങ്ങള്‍ വായിച്ചും മറ്റും തയാറെടുപ്പ് തുടരുകയാണ്.