ആരോഗ്യമാണ് പരിശീലകരുടെ മുദ്രാവാക്യം അതാണ് വിജയവും


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

മൈതാനത്ത് പരാജയപ്പെട്ടാല്‍ ആരാണ് പഴി കേള്‍ക്കുക…? ടീമിന്റെ നായകന്മാരല്ല-പരിശീലകരാണ്. നായകന്മാരെയോ കളിക്കാരെയോ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ പിരിച്ചുവിടാറില്ല. എപ്പോഴും ദുരന്തമുഖത്ത് ബലിയാടുകളായി മാറുക പരിശീലകരായിരിക്കും. ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് എട്ട് പരിശീലകര്‍. അവരുടെ സമ്മര്‍ദ്ദങ്ങള്‍ എത്രയായിരിക്കുമല്ലേ…. അവരിലേക്കാണ് ഇന്നത്തെ യാത്ര.

നിങ്ങള്‍ കണ്ടിട്ടില്ലേ ഉറുഗ്വേ കളിക്കുമ്പോള്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ മൈതാനത്തേക്ക് വരുന്ന ഒരു വയോധികനെ. പ്രായം 80 പിന്നിട്ടിരിക്കുന്നു. പക്ഷേ ഓസ്‌ക്കാര്‍ ടബരസ് എന്ന പരിശീലകനെ എന്ത് കൊണ്ട് ഉറുഗ്വേ ഒഴിവാക്കുന്നില്ല. അവിടെയാണ് ടബരസ് എന്ന സീനിയര്‍ പരിശീലകന്‍ അംഗീകരിക്കപ്പെടുന്നത്. കളിയിലുള്ള സൂക്ഷ്മപഠനം. അദ്ദേഹത്തിന് മുന്നില്‍ 23 കളിക്കാരും ഒന്നാണ്. വലുപ്പ ചെറുപ്പമില്ല. എഡ്ഗാര്‍ കവാനിയും ലൂയിസ് സുവാരസുമെല്ലാം യൂറോപ്പിലെ സൂപ്പര്‍ താരങ്ങളായിരിക്കാം. പക്ഷേ ടബരസിന് അവര്‍ സാധാരണ താരങ്ങള്‍. ടീമിനെ നിശ്ചയിക്കുന്നത് ടബരസാണ്. അദ്ദേഹം പരിശീലന വേളയില്‍ കര്‍ക്കശ നിരീക്ഷണം നടത്തും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ താരങ്ങളോട് കാര്യങ്ങള്‍ പറയും. മൈതാനത്ത്് ആഘോഷപരതയില്ല. സീരിയസായി ഇരിക്കും. തന്റെ സഹായികളെ അദ്ദേഹത്തിന് വിശ്വാസമാണ്. ഈ പരസ്പര വിശ്വാസമാണ് ഉറുഗ്വേയുടെ ക്വാര്‍ട്ടര്‍ യാത്രയും. ഉറുഗ്വേ പത്രക്കാരോട് ഞാന്‍ ടബരസിനെക്കുറിച് ചോദിച്ചപ്പോള്‍ അദ്ദേഹം ടീമിലെ ഫാദര്‍ ഫിഗര്‍ എന്നാണ് അവര്‍ പറഞ്ഞത്. ആരും അദ്ദേഹത്തെ ധിക്കരിക്കില്ല.

ദീദിയര്‍ ദെഷാംപ്‌സ്

ഫ്രഞ്ച് സംഘത്തിലേക്ക് വന്നാല്‍ ദീദിയര്‍ ദെഷാംപ്‌സ് എന്ന പഴയ ഫ്രഞ്ച് നായകന്‍. 1998 ല്‍ ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍. അതിന് ശേഷം പരിശീലകന്റെ കുപ്പായത്തില്‍ ദീര്‍ഘവര്‍ഷങ്ങള്‍. കരീം ബെന്‍സേമയെ പോലെ ഒരാളെ ധൈര്യസമേതം പുറത്തിരുത്തിയ കോച്ച്. ആ ധൈര്യം തന്നയാണ് ദെഷാംപ്‌സിലെ പരിശീലകന്റെ കരുത്തും. സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ട് ടീമില്‍. പക്ഷേ കണിശതയിലും ഇവരെ കോച്് സ്‌നേഹിക്കുന്നു. എല്ലാവര്‍ക്കും അവസരം നല്‍കുന്നു. അവരില്‍ നിന്നും ഏറ്റവും മികച്ച ടീമിനെ എടുക്കുന്നു. ആരോടും അധിക സംസാരമില്ല. പത്രക്കാരോടുമില്ല വാചകമടി. സ്വന്തം ജോലിയില്‍ വിശ്വസിക്കുന്ന പരിശീലകന്‍.


ബ്രസീല്‍ ഹെഡ് കോച്ച് ടിറ്റേയുടേത് കൂര്‍മബുദ്ധിയാണ്. ആര്‍ക്കും അദ്ദേഹം വഴങ്ങില്ല. തന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കും. പെട്ടെന്ന് അഭിപ്രായം പറയില്ല. ചോദ്യങ്ങള്‍ക്ക് പോലും ആലോചിച്ചുള്ള പ്രതികരണം. സ്ഥിരം ക്യാപ്റ്റനെ അദ്ദേഹം പ്രഖ്യാപിക്കില്ല. ഓരോ മല്‍സരത്തിനും ഓരോ നായകര്‍. സെര്‍ബിയക്കെതിരെ മിറാന്‍ഡക്കായിരുന്നു നായകന്റെ ആം ബാന്‍ഡെങ്കില്‍ മെക്‌സിക്കോക്കെതിരെ അത് തിയാഗോ സില്‍വക്ക്് നല്‍കി. ഇന്നാര്‍ക്കായിരിക്കും-അത് അദ്ദേഹം രാവിലെ തീരുമാനിക്കും. അദ്ദേഹത്തിന്റെ വ്യക്തമായ പ്ലാനിംഗിലാണ് ബ്രസീല്‍ മുന്നേറുന്നത്. ഒരു ഉദാഹരണം മാത്രം- വില്ലിയാന്‍ എന്ന മധ്യനിരക്കാരനെ മെക്‌സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറില്‍ അദ്ദേഹം അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളിലേക്ക് കൊണ്ട് വന്നു. വ്യക്തമായ നിര്‍ദ്ദേശവും നല്‍കി. വിംഗുകളിലൂടെയല്ല കയറേണ്ടത്. മൈതാന മധ്യത്തിലൂടെ. അത്തരമൊരു നീക്കം മെക്‌സിക്കോക്കാര്‍ ആലോചിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ബ്രസീല്‍ നേടിയ രണ്ട് ഗോളിലും വിലിയന്റെ മധ്യലൈന്‍ കുതിപ്പായിരുന്നു ഗോളുകളായത്. ടിറ്റേക്കുള്ള ഗുണം അദ്ദേഹം തന്റെ തന്ത്രങ്ങള്‍ക്കൊപ്പമാണ് താരങ്ങളെ റിക്രൂട്ട് ചെയ്തത്. സൂപ്പര്‍ താരങ്ങളെ അദ്ദേഹത്തിന് വേണ്ട-തന്റെ പ്ലാനിന് അനുയോജ്യരായവരെ മാത്രം മതി.

റോബര്‍ട്ടോ മാര്‍ട്ടിനസ്‌

ബെല്‍ജിയത്തിന്റെ പരിശീലകന്‍ മാര്‍ട്ടിനസിനെ ജപ്പാനെതിരായ മല്‍സരതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ…? സൗമ്യഭാവം- മല്‍സരത്തില്‍ ജപ്പാന്‍ രണ്ട് ഗോളടിക്കുന്നു. അപ്പോഴും ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു. അതേ സൗമ്യത. ആശങ്കയോ കോപമോ ഒന്നും ആ മുഖത്തില്ല. അര്‍ജന്റീനക്കാരന്‍ സാംപോളിയായിരുന്നു അതെങ്കില്‍ മൈതാനത്ത് നിന്ന് പറപറക്കുമായിരുന്നു. രണ്ട് ഗോള്‍ വഴങ്ങിയിട്ടും താരങ്ങളെ വിളിച്ച്് ആശങ്കാ നിര്‍ദ്ദേശമൊന്നും നല്‍കിയില്ല. ശാന്തനായി തന്റെ പ്ലാന്‍ സഹപരിശീലകനോട് പറഞ്ഞു. അദ്ദേഹമത് താരങ്ങള്‍ക്ക് കൈമാറി. പിന്നെ കണ്ടത് മൂന്ന് ഗോളുകള്‍.


റഷ്യന്‍ പരിശീലകന്‍ സ്റ്റാനിസ്ലാവ് ചര്‍ച്ചഷേവ് കണിശതയുള്ള പട്ടാളക്കാരനാണ്. ഇംഗ്ലണ്ടിന്റെ ജെറാത്ത് സൗത്ത്‌ഗെയിറ്റ് താരങ്ങളുടെ സ്വന്തം പരിശീലകന്‍. സ്വീഡന്റെ ജാനേ ആന്‍ഡേഴ്‌സണ്‍ കര്‍ക്കശക്കാരനാണ്. സാകോ ഡാലിച്ച് എന്ന ക്രോട്ട് പരിശീലകന്‍ ജനകീയനും. എല്ലാ താരങ്ങളോടും അഭിപ്രായം തേടുന്ന സ്വഭാവം. കാര്‍ക്കശ്യമെന്നത് അദ്ദേഹത്തിന്റെ നിഘണ്ടുവില്ലില്ല-നന്നായി കളിക്കുന്നവര്‍ക്കൊപ്പം നില്‍ക്കും.

നാളെയും മറ്റന്നാളും അത് കഴിഞ്ഞാലും ഈ പരിശീലകരുടെ തന്ത്രങ്ങളാണ് ഫുട്‌ബോള്‍ ടേബിളുകളില്‍ കൂലംകഷമായി ചര്‍ച്ച ചെയ്യപ്പെടുക. പരിശീലകരിപ്പോള്‍ കേവലം മൈതാന പരിശീലകരല്ല-സാങ്കേതിക പരിശീലകരാണ്. വീഡിയോ അനാലിസിസ്, കംപ്യൂട്ടര്‍ അനാലിസിസ് എന്നിവക്കൊപ്പം ഫിറ്റ്‌നസ് അവലോകനവും നടത്തി ശരിക്കും പോസിറ്റീവായി ചിന്തിക്കുന്നവര്‍. എല്ലാവരിലും പ്രകടമാവുന്ന വലിയ ഗുണം ആരും സൂപ്പര്‍ താരങ്ങള്‍ക്ക് പിറകെ പോവുന്നില്ല. എല്ലാവരും 100 ല്‍ 100 മാര്‍ക്ക് നല്‍കുന്നത് ആരോഗ്യത്തിനാണ്.

കവാനിക്ക് പരുക്കാണെങ്കില്‍ പുറത്ത്. മാര്‍സിലോക്ക് പരുക്കാണെങ്കില്‍ പുറത്ത്. മൈതാനതത്ത് വേണ്ടത് സമര്‍പ്പണമാണ്. അതിന് വേണ്ടത് ആരോഗ്യമാണ്. അതറിയുന്ന പരിശീലകരുടെ സമ്മര്‍ദ്ദവും ചെറുതല്ല. ഷൂട്ടൗട്ട് വേളയില്‍ തലയും താഴ്ത്തിയിരുന്ന ക്രോട്ട് കോച്ച് ഡാലിച്ചിനെ മാറ്റി നിര്‍ത്തിയാല്‍ ചങ്കുറപ്പുളളവരാണ് എല്ലാവരും. നാല് വര്‍ഷത്തോളമായി അവരുടെ ഒരുക്കങ്ങളുടെ പരിസമാപ്തിയാണിപ്പോള്‍. എല്ലാവരും കപ്പിലേക്കാണ് നോക്കുന്നത്-അത് പരസ്യമായി പറയുന്നില്ലെന്ന് മാത്രം. ആരായിരിക്കും ജൂലൈ 15ന് ലുഷിനിക്കി സ്‌േേഡിയത്തില്‍ തല ഉയര്‍ത്തുക. കാത്തിരിക്കാമല്ലേ….

അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറായം-ഇവിടെ കണ്ട 32 പരിശീലകരിലെ അബദ്ധം അര്‍ജന്റീനക്കാരന്‍ ജോര്‍ജ് സാംപോളിയായിരുന്നു. സര്‍ക്കസ് റിംഗിലെ കോമാളിയെ പോലെയാണ് അദ്ദേഹത്തെ തോന്നിയത്. ഒരു നിലപാടുമില്ലാത്ത, സ്വന്തം താരങ്ങളെ അറിയാത്ത വെറിയനായ ഒരു കാരണവര്‍…..

SHARE