തൂലികയാണ് സത്യം പിറകോട്ടില്ല

കമാല്‍ വരദൂര്‍

ഇത് നമ്മുടെ നാട് തന്നെയല്ലേ….? സംശയമുള്ളത് കൊണ്ട് തന്നെയാണ് ചോദിക്കുന്നത്…? അത്യുച്ചത്തില്‍ ഇത് വരെ പറഞ്ഞിരുന്നു നമ്മുടെ രാജ്യത്തിന്റെ മഹിത പാരമ്പര്യത്തെക്കുറിച്ച്, ജനാധിപത്യ വിശ്വാസത്തെക്കുറിച്ച്, മൗലികാവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും പത്ര സ്വാതന്ത്ര്യത്തെയും കുറിച്ച്… സ്വാതന്ത്ര്യം എന്ന പദത്തിന് പുത്തന്‍ മാനങ്ങള്‍ നല്‍കി ലോക ജനതക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്ന രാജ്യത്ത് നിന്ന് സമീപകാലത്ത് കേള്‍ക്കുന്നത് അശുഭവാര്‍ത്തകള്‍ മാത്രമാവുമ്പോഴാണ് സംശയത്തോടെ തന്നെ ചോദിക്കുന്നത് ഇത് നമ്മുടെ രാജ്യം തന്നെയല്ലേയെന്ന്…?

കര്‍ണാടകയിലെ ധാര്‍വാഡില്‍ സ്വന്തം വീടിന് മുന്നില്‍ പ്രൊഫസര്‍ എം.എം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചപ്പോള്‍ രാഷ്ട്രീയ സാംസ്‌കാരിക ലോകം പതിവ് ഞെട്ടല്‍ രേഖപ്പെടുത്തി. പൂനെയില്‍ നരേന്ദ്ര ദാബോല്‍ക്കര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ഞെട്ടല്‍ ആശങ്കക്ക് വഴി മാറി. കോലാപ്പൂരില്‍ ഗോവിന്ദ് പന്‍സാരെ വെടിയുണ്ടക്ക് ഇരയായപ്പോള്‍ ഞെട്ടലും ആശങ്കയും വന്‍ പ്രതിഷേധമായി. ഇപ്പോള്‍ ഇതാ ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ട സഹോദരി ഗൗരി ലങ്കേഷ് പോയന്റ് ബ്ലാക്കില്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു-കൊലയെല്ലാം നടന്നത് ഒരേ മാതൃകയില്‍. പക്ഷേ ഇത് വരെ ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടില്ല. രാഷ്ട്രീയ-സാംസ്‌കാരിക ലോകത്തിന്റെ പ്രതിഷേധങ്ങളുടെ ആയുസ്സ് മനസ്സിലാക്കി ഫാസിസ്റ്റുകള്‍ അതിവിദഗ്ധമായി കൊലപാതകങ്ങള്‍ ആസുതണം ചെയ്ത് അവ വിജയകരമായി നടപ്പാക്കുന്നു. അടുത്തത് ഞാനോ, നിങ്ങളോ ആവാം… അപ്പോഴും ഞെട്ടലിലും പ്രതിഷേധങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പത്രക്കുറിപ്പുകളിലും പ്രതികരണങ്ങള്‍ അവസാനിക്കുന്നു.

കല്‍ബുര്‍ഗിയുടെ, ദാബോല്‍ക്കറുടെ, പന്‍സാരെയുടെ ഘാതകര്‍ എവിടെ എന്ന ചോദ്യം ശക്തമായി ഉയരുന്നില്ല. സാമാന്യം ശക്തമായ കുറ്റാന്വേഷണ ഏജന്‍സികള്‍ നമ്മുടെ രാജ്യത്തുണ്ട്. പൊലീസും പട്ടാളവുമായി ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെടുന്ന മിടുക്കരുണ്ട്. എന്നിട്ടും കൊലപാതകങ്ങള്‍ തുടരുമ്പോള്‍ രാഷ്ട്രീയ ലോകം ശക്തമായി ഇടപെടുന്നില്ല എന്ന പരാതിയുടെ ഏറ്റവും പുതിയ രക്തസാക്ഷി മാത്രമാവുകയാണ് ഗൗരി ലങ്കേഷ്. മാധ്യമ പ്രവര്‍ത്തനമെന്നത് സത്യങ്ങളുടെ പ്രതിഫലനമാണ്. കാണുന്ന കാഴ്ച്ചകളെ ലോകത്തിന് മുന്നില്‍ വിവരിക്കുമ്പോള്‍ വെടിയുണ്ടകളെ ഭയപ്പെടാനാവില്ല-സധൈര്യം സമൂഹത്തോട് പറയുന്ന സത്യങ്ങളെ ഭയപ്പെടുന്നവരെ നിലക്ക് നിര്‍ത്താനാണ് ഭരണകൂടം. അതേ ഭരണകൂടം ഫാസിസത്തിന്റെ വക്താക്കളായി, പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുമ്പോള്‍ നമ്മുടെ രാജ്യമെങ്ങനെ മഹിത ജനാധിപത്യ താഴ്‌വാരമാവും.

ജനാധിപത്യത്തില്‍ ഭരണകൂടവും പ്രതിപക്ഷവുമുണ്ട്. ഭരണകൂടം തെറ്റിന്റെ വഴിയിലാണെങ്കില്‍ അവരെ നേര്‍വഴിക്ക് നയിക്കേണ്ടവരാണ് പ്രതിപക്ഷം. കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രതിഷേധത്തിന്റെ വഴി ശക്തമാവണം. അത് കേവല ചര്‍ച്ചകള്‍ മാത്രമാവരുത്. അജ്ഞാതര്‍ എന്ന പദത്തില്‍ കൊലയാളികള്‍ വിലസുമ്പോള്‍ ഇവിടെ ക്രമസമാധാന പാലകര്‍ എന്തിനാണ്. വിലാസം എല്ലാവര്‍ക്കും നല്‍കി ആരും അരും കൊലകള്‍ ചെയ്യാറില്ല. ആരുടെയോ ക്വട്ടേഷനിലാണ്, അല്ലെങ്കില്‍ കൃത്യമായി ലഭിക്കുന്ന പ്രതിഫലത്തിലാണ് അജ്ഞാത ഗണത്തിലുളളവര്‍ അരും കൊലകള്‍ ചെയ്യുന്നത്. അവരെ തേടിപിടിക്കാനും നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പിക്കാനും ഭരണകൂടത്തിന് കഴിയുന്നില്ല എന്നതിനേക്കാള്‍ ഭരണക്കൂടം അതിനായി ശക്തമായി പരിശ്രമിക്കുന്നില്ല എന്ന സത്യത്തിലാണ് എല്ലാവരും വിശ്വസിക്കുന്നത്. നാസിസവും ഫാസിസവുമെല്ലാം ചരിത്രത്തിന്റെ സമ്പാദ്യങ്ങളാണെങ്കില്‍ അതേ ചരിത്രത്തിന്റെ പഴയ പ്രാകൃത വഴികളിലേക്കാണ് നമ്മളിപ്പോള്‍ ഗമനം ചെയ്യുന്നത്. പഴയ ഭരണക്കൂടങ്ങള്‍ക്ക് എതിര്‍പ്പുകള്‍ അനിഷ്ടകരമായിരുന്നു.

പ്രതിഷേധിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല. സാമ്രാജ്യത്വ ശക്തികള്‍ വന്നപ്പോള്‍ അവര്‍ പ്രതിഷേധക്കാരെ കൊന്നൊടുക്കി. കാലസഞ്ചാരത്തില്‍ ജനാധിപത്യം സ്വീകാര്യമായ ഭരണ സമ്പ്രദായമായപ്പോഴാണ് അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ടതും സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ എല്ലാവരും താല്‍പ്പര്യം പ്രകടിപ്പിച്ചതും. എന്നാല്‍ സമീപകാലത്തെ വേദനിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന പ്രാകൃത വാഴ്ച്ചയിലേക്കുള്ള മടങ്ങിപ്പോക്കാണ്.

ഹരിയാനയിലെ ആള്‍ദൈവം ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അഗ്നിക്കിരയാക്കിയത് മാധ്യമ വാഹനങ്ങളായിരുന്നു. ആക്രമിക്കപ്പെട്ടവര്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അക്രമികളുടെ ആയുധങ്ങളെ സാക്ഷിയാക്കിയാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്കായി ജീവന്‍ പോലും ബലി നല്‍കി ഓടുന്നത്. ആ സാഹസികതയില്‍ പ്രതിഫലിക്കുന്ന സത്യ-നീതി ബോധത്തെ നമ്മുടെ സമൂഹം അംഗീകരിച്ചിരുന്നു, വാഴ്ത്തിയിരുന്നു. അവിടെയാണ് ഇന്ത്യ ഇന്ത്യയായത്, ഇന്ത്യക്കാരന്‍ വിശ്വപൗരനായത്. ഡൊണാള്‍ഡ് ട്രംപിനെ പോലുള്ള സ്വേഛാധിപതികള്‍ ലോകം വാഴുമ്പോള്‍ നമ്മുടെ രാജ്യവും ആ ഗണത്തില്‍ അപകീര്‍ത്തികരമായി ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിലെ ജാള്യത ചെറുതല്ല.

വാര്‍ത്തകള്‍ അസുഖങ്ങളായിരിക്കാം. അസുഖതയില്‍ കോപിക്കുന്നവര്‍ ജനാധിപത്യ വിശ്വാസികളല്ല-സ്വേഛാധിപത്യത്തിന്റെ പ്രതിനിധികളാണ്. ഇത്തരക്കാരുടെ സാന്നിദ്ധ്യത്തില്‍ നമ്മുടെ രാജ്യത്തിന് ജനാധിപത്യ വിലാസം നല്‍കുന്നതില്‍ കാര്യമില്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഭരണകൂടം കൊഞ്ഞനം കുത്തുമ്പോള്‍ അവിടെ ദുര്‍ബലമാവുന്നത് ജനാധിപത്യമാണ്. ഗൗരി ലങ്കേഷ് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാറുള്ള മാധ്യമ പ്രവര്‍ത്തകയാണ്. സത്യത്തെ ഒരു കാലത്തും മൂടിവെക്കാന്‍ കഴിയില്ലെന്ന അവരുടെ പ്രഖ്യാപനങ്ങളില്‍ തെളിഞ്ഞ ധൈര്യമാണ് 55-ാം വയസ്സില്‍ ആ ജീവന്‍ അപഹരിക്കപ്പെടാന്‍ കാരണം. തന്റെ പിതാവ് ഇന്ദിരാഗാന്ധിയെയും രാജിവ് ഗാന്ധിയെയുമെല്ലാം വിമര്‍ശിച്ചിരുന്നെന്നും ഈ വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരുന്നെന്നും പറഞ്ഞ ഗൗരി അതേ ക്രിയാത്മക വിമര്‍ശനങ്ങളാണ് നടത്തിയിരുന്നത്. അത് വ്യക്തിപരമായിരുന്നില്ല. ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തുമ്പോള്‍ അവരെ തേടി എട്ട് വെടിയുണ്ടകള്‍ വന്നപ്പോള്‍ അവിടെ മരിച്ചത് ഒരു വ്യക്തിയല്ല-ഒരു രാജ്യവും അതിന്റെ പാരമ്പര്യവും ആ രാജ്യത്തെക്കുറിച്ച് ലോകത്തിനുളള പ്രതീക്ഷകളുമാണ്.
വെടിയുണ്ടകള്‍ ഇനി ആരുടെ നേര്‍ക്കാണ്….. അക്രമികള്‍ പുതിയ ആസൂത്രണം തുടങ്ങിയിട്ടുണ്ടാവും. ഗൗരിയുടെ കൊലയിലുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുമ്പോള്‍, കൃത്യമായ ഇടവേളയില്‍ അടുത്തയാള്‍ തോക്കിനിരയാവും. ഈ ലോകം ഇങ്ങനെ മാറുമ്പോള്‍ ഭീരുക്കളല്ല മാധ്യമ പ്രവര്‍ത്തകര്‍. സത്യങ്ങളാണ് ഞങ്ങളുടെ വാര്‍ത്തകള്‍, നീതിയാണ് ഞങ്ങളുടെ ആയുധം, സമൂഹമാണ് ഞങ്ങളുടെ ആകാശം. കുനിയാത്ത ശിരസ്സാണ് ഞങ്ങളുടെ വിലാസം.
(പത്രപ്രവര്‍ത്തക യൂണിയന്‍
നിയുക്ത സംസ്ഥാന പ്രസിഡണ്ടാണ്
ലേഖകന്‍)

SHARE