മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്; കമല്‍നാഥ് സര്‍ക്കാരിന് നിര്‍ണായകം

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സര്‍ക്കാരിനോട് നാളെ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ നര്‍മദ പ്രസാദ് പ്രജാപതിയോടാണ് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

നാളെ രാവിലെ 11 ന് ഗവര്‍ണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി. എംഎല്‍എമാര്‍ ബട്ടണ്‍ പ്രസ്സ് ചെയ്തുകൊണ്ടുള്ള വോട്ടെടുപ്പാണ് നടത്തേണ്ടത്. മറ്റു രീതികള്‍ സ്വീകാര്യമല്ല. വോട്ടെടുപ്പ് നടപടികള്‍ നാളെത്തന്നെ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

വിശ്വാസ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണം. വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കുകയോ, വൈകിക്കുകയോ, സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യരുതെന്നും ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന ആറ് മന്ത്രിമാരുടെ രാജി സ്പീക്കര്‍ ഇന്നലെ സ്വീകരിച്ചിരുന്നു. വിമത എംഎല്‍എമാരുടെ രാജി കൂടി സ്പീക്കര്‍ സ്വീകരിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും.

ഇതോടെ 107 എംഎല്‍എമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കമല്‍നാഥും കോണ്‍ഗ്രസും എല്ലാ അടവുകളും പ്രയോഗിക്കുകയാണ്. വിമത പക്ഷത്തുള്ള എംഎല്‍എമാര്‍ക്ക് മന്ത്രി പദവി അടക്കമുള്ള വാഗ്ദാനങ്ങളാണ് കമല്‍നാഥ് മുന്നോട്ടുവെച്ചിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നിഷ്പ്രയാസം മറികടക്കാനാകുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സിന്ധ്യ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്.