ഡയലോഗ് മന്നന്‍


അമേരിക്കന്‍ സായ്പും പാട്ടിയും തെലുങ്കുപൊലീസ് ഉദ്യോഗസ്ഥനുമൊക്കെയായി നിറഞ്ഞാടിയ പത്മശ്രീ കമല്‍ഹാസന്‍ ‘ദശാവതാരം’ സിനിമയില്‍ ഇക്കഴിഞ്ഞ മെയ് 12ന് ആടിയ പോലൊരു വേഷം ആടിയിട്ടില്ല. ചെന്നൈ മറൈന്‍ ഡ്രൈവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഒറ്റനിമിഷം കൊണ്ടല്ലേ ലോകശ്രദ്ധ പിടിച്ചുകളഞ്ഞത്. അരുവാക്കുറിച്ചി നിയമസഭാമണ്ഡലത്തിലെ വോട്ടെടുപ്പ് പ്രചാരണത്തില്‍ പളനിസ്വാമിയെക്കുറിച്ചും മോദിയെക്കുറിച്ചും ചെന്നൈയിലെ കുടിവെള്ളക്ഷാമത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് വോട്ടുപിടിച്ചാല്‍ മതിയായിരുന്നു. അരികില്‍ മക്കള്‍നീതി മയ്യം പാര്‍ട്ടിയുടെ ടോര്‍ച്ച് ചിഹ്നം ഉയര്‍ത്തിപ്പിടിച്ച് ഇരുട്ടത്ത് ഒരാള്‍ നില്‍ക്കുന്നു. തൊട്ടരികെ മൈക്കിലൂടെ കമല്‍ഹാസന്‍ ഡയലോഗ് കസറുകയാണ്: ‘സുതന്ത്ര ഇന്ത്യാവിലെ പ്രഥമ ഹിന്ദുതീവിരവാദി ഹിന്ദുവാക്കും. അവന്‍ പെയര് ഗോഡ്‌സെ!’
മോദിയും ബി.ജെ.പിയും സംഘ്പരിവാരവും ഹിന്ദുത്വ രാഷ്ട്രീയം വളര്‍ത്താന്‍ വല്ലതും കിട്ടുമോ എന്ന് രാജ്യമെമ്പാടും ടോര്‍ച്ചടിച്ചുകൊണ്ട് നടക്കുമ്പോഴാണ് കമലിന്റെ ഈ വിവാദപേച്ച്. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞസിംഗ് താക്കൂറും കേന്ദ്രമന്ത്രിയും കര്‍ണാടക എം.പിയുമൊക്കെ ഈ വാലില്‍ കടിച്ചു. കമല്‍ ദേശീയ രാഷ്ട്രീയത്തിലും താരമായി. ഗോഡ്‌സെയും അയാള്‍ കൊന്ന മഹാത്മാവും ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ഗോഡ്‌സെയെ ഏറ്റെടുക്കാന്‍ മഹാത്മാവിനെക്കാള്‍ ആളുകള്‍ ഇന്ന് ബി.ജെ.പിയിലുണ്ട്. അതുകൊണ്ട് കമലിന് വെച്ചടിവെച്ചടി കയറ്റം. ബി.ജെ.പിക്കാര്‍ മധുരയിലും ഡല്‍ഹിയിലുംവരെ കേസുമായി കമലിനെ അഴിക്കുള്ളിലാക്കാന്‍ കോടതി കയറുകയാണ്. മുസ്്‌ലിം ഭൂരിപക്ഷമുള്ള ഇടത്തുചെന്നാണ് കമല്‍ ഗോഡ്‌സെക്കെതിരെ പ്രസംഗിച്ചതെന്നും അത് മതവികാരം വ്രണപ്പെടുത്താനാണെന്നുമാണ് ബി.ജെ.പിക്കാരുടെ പരാതി. കമലിന്റെ നാവ് പിഴുതെറിയുമെന്ന് തമിഴ്‌നാട് മന്ത്രി പറഞ്ഞു. അരുവാക്കുറിച്ചി പൊലീസ്‌സ്റ്റേഷനില്‍ കമലിനെതിരെ കേസും രജിസ്റ്റര്‍ ചെയ്യിച്ചു. ആഴ്ച പിന്നിട്ടിട്ടും ബി.ജെ.പിക്കാര്‍ പറഞ്ഞതുപോലെ തമിഴ്‌നാട്ടിലെന്നല്ല, രാജ്യത്തൊരിടത്തും ഒരു മതവികാരവും വ്രണപ്പെടുകയോ കലാപത്തിന്റെ ചോര ഒഴുകുകയോ ഉണ്ടായിട്ടില്ല. അപ്പോള്‍ സംഭവിച്ചതെന്താണ് ബാക്കിയെന്ന ്‌ചോദിച്ചാല്‍ ചുളുവിലൊരു പബ്ലിസിറ്റി കിട്ടി തമിഴ് കലൈമന്നന്. താനങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നാണ് കമല്‍ കോടതിയില്‍ കൊടുത്ത രേഖയില്‍ പറയുന്നത്. അറസ്റ്റും ജയിലുമൊന്നും ഭയപ്പെടുത്തുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ കഴിഞ്ഞദിവസം മധുരയിലെ പരിപാടിയില്‍ ഹിന്ദു മതത്തില്‍ മാത്രമല്ല, എല്ലാ മതങ്ങളിലും തീവ്രവാദികള്‍ ഉണ്ടെന്ന് പ്ലേറ്റ് മറിച്ചിട്ടത് എന്തിനാണാവോ?
ബാല്യം മുതല്‍ നൂറു കണക്കിന് സിനിമകളില്‍ ചായംതേച്ച് എണ്ണമറ്റ റോളുകള്‍ ആടിത്തിമര്‍ത്ത ‘ഉലകനായക’ന് മറ്റുപല സിനിമാക്കാരെയുംപോലെ ഈ 64ല്‍ ഇരിക്കാനൊരു കസേര വേണം. അത്രതന്നെ. മീശ കറുപ്പിച്ചും പിരിച്ചും വിഗ് വെച്ചുമൊക്കെ പലതും പയറ്റുന്നുണ്ടെങ്കിലും കണ്ടതുതന്നെ കണ്ട് തമിഴന് മടുത്തിരിക്കുന്നു. അപ്പോഴാണ് ജയലളിത മരിക്കുന്നതും തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയില്‍ പളനിസ്വാമി എപ്പോള്‍ വീഴുമെന്നറിയാതെ ഇരിക്കുന്നതും. ഒരുകൈ പാര്‍ക്കലാം. തമിഴ്‌നാട്ടില്‍ മുമ്പ് തലൈവര്‍ പട്ടമൊക്കെ വാങ്ങിയെടുത്തവര്‍ ചില്ലറക്കാരല്ല, എം.ജി.ആര്‍, ജയലളിത. കരുണാനിധി തുടങ്ങിയവരാണ്. അണ്ണാ ഡി.എം.കെ മോദിയുടെയും ഡി.എം.കെ കോണ്‍ഗ്രസിന്റെയും കൂടെ നില്‍ക്കുന്നതിനാല്‍ അവരുടെ കൂടെ കൂടിയാല്‍ ജനം എന്തുപറയും എന്ന് നിനച്ചാണ് 2018 ഫെബ്രുവരി 12ന് സ്വന്തം പാര്‍ട്ടിയുമായി രംഗത്തിറങ്ങിയത്. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. കമല്‍ രസികര്‍ മണ്‍റം ഉള്ളതുകൊണ്ട് പ്രത്യേകിച്ച് പണിയൊന്നും എടുക്കേണ്ട. കിട്ടിയാല്‍ ഒരു തലൈവര്‍പട്ടം. പോനാല്‍ പലവട്ടം മുടങ്ങിയ ഓസ്‌കാര്‍പട്ടം പോലെ കരുതും.
പളനിസ്വാമിയും പനീര്‍ശെല്‍വവും പോയാലും മുത്തുവേല്‍ കരുണാനിധി സ്റ്റാലിനും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും വെല്ലുവിളിയായുണ്ട്. അവരെക്കാളൊക്കെ ഉയരത്തിലെത്താനാണ് മോദി വിരുദ്ധ പ്രസ്താവനകള്‍. അച്ഛനമ്മമാരിട്ട പേര് പാര്‍ത്ഥസാരഥി ശ്രീനിവാസന്‍. ബുദ്ധിവെച്ചതുമുതല്‍ നിരീശ്വരവാദി. ദ്രാവിഡപാരമ്പര്യവും അതാണല്ലോ എന്നതാണ് ഏകആശ്വാസം. ഹിറ്റ് സിനിമകളുടെ കൈയൊപ്പാണ് കമലിനുള്ളത്. തമിഴില്‍ കമലിനെ വെച്ചിറക്കിയ പടങ്ങള്‍ പൊട്ടിയത് ചുരുക്കം. ഹിന്ദിയിലും മലയാളത്തിലും പരീക്ഷിച്ചു. മലയാളം സിനിമയെപോലെ കേരളവുമായി എന്നും അടുത്ത ബന്ധമുണ്ട്. വാണിഗണപതി, സരിഗ-രണ്ടുപേരെ കെട്ടി. അത് ഔദ്യോഗികം. പ്രശസ്ത തെന്നിന്ത്യന്‍ നടി ഗൗതമിയാണ് ഇപ്പോള്‍ കൂട്ട്. മക്കള്‍ ശ്രുതിയും അക്ഷരയും. പത്മഭൂഷനും ഫ്രഞ്ച് ഷെവലിയര്‍ പുരസ്‌കാരവുംകൂടി തേടിയെത്തി. സിനിമക്കുവേണ്ടി എന്തിനും റെഡി. പക്ഷേ ഒന്നരക്കോടി പ്രതിഫലവും നാല് ഭരത് അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡുകളും നൃത്തവും സംവിധാനവും പാട്ടും പാട്ടെഴുത്തും പഞ്ച് ഡയലോഗും മാത്രംപോരാ രാഷ്ട്രീയത്തില്‍. തൊലിക്കട്ടികൂടി വേണം, ധൈരിയം. ഇന്നലത്തെ പോലെ കല്ലും ചീമുട്ടയുമൊക്കെ വരുമ്പോള്‍ സ്‌ക്രീനിലെപോലെയല്ല, നാട്ടിലാകുമ്പോള്‍ ദേഹത്ത് കൊള്ളും, നോവും, നാറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസം കോയമ്പത്തൂരിലെ പ്രചാരണ പരിപാടി വിലക്കി. എങ്കിലും നഷ്ടമില്ല, ആനാലും ജാഗ്രതെ!

SHARE