‘ബോളിവുഡ് താരങ്ങള്‍ക്ക് ബിജെപിയെ പേടിയാണ്’; നടന്‍ കമല്‍ഹാസന്‍

ചെന്നൈ: ‘ബോളിവുഡ് താരങ്ങള്‍ക്ക് ബിജെപിയെ പേടിയാണെന്ന് മക്കള്‍ നീതി മെയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍. എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോളിവുഡ് താരങ്ങള്‍ പ്രതികരിക്കാത്തതെന്ന ചോദ്യത്തിന് മറുപടിയായാണ് കമല്‍ഹാസന്റെ പ്രതികരണം. പൗരത്വഭേദഗതി നിയമം കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പിന്‍വലിപ്പിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെയുള്ള ഓരോ പ്രഹരവും ജനാധിപത്യം ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള പ്രഹരമാണ്. അധികാരം ജനങ്ങള്‍ക്ക് കൂടി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇത് ഒരു ജനാധിപത്യമാകുക. ഈ ജനവിരുദ്ധ സര്‍ക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞാന്‍ വിശ്രമിക്കുകയില്ല. നമ്മളാരും വിശ്രമിക്കരുത്. അവര്‍ തമിഴ് ജനതയുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങളെ വഞ്ചിച്ചു. അവര്‍ യജമാനന്മാരെ അനുസരിക്കുന്നു. അവരുടെ യജമാനന്മാര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാം. ബി.ജെ.പി ജനങ്ങളെ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡിലും തമിഴ് സിനിമയിലുമുള്‍പ്പെടെ രാജ്യത്തുടനീളമുള്ള ജനപ്രിയ താരങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു നിയമത്തിനെതിരെ രംഗത്തെത്താതിരുന്നത് എന്ന ചോദ്യത്തിന് അവര്‍ സംസാരിക്കാന്‍ തയ്യാറാകാത്തതല്ലെന്നും അവര്‍ക്ക് ആശങ്കയുണ്ടെന്നുമായിരുന്നു കമല്‍ഹാസന്‍ പ്രതികരിച്ചത്. എന്നാല്‍ ചിലര്‍ക്ക് ബി.ജെ.പിയോടുള്ള ഭയം നിലനില്‍ക്കുന്നുണ്ടെന്നും മിക്ക ശബ്ദങ്ങളേയും അവര്‍ അടക്കിനിര്‍ത്തുകയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തൂത്തുക്കുടി പോലീസ് വെടിവയ്പ്പ് പോലുള്ള സംഭവങ്ങള്‍ അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം ആലിയ ഭട്ട് രംഗത്തെത്തി. ‘വിദ്യാര്‍ത്ഥികളെ കണ്ടുപഠിക്കൂ’വെന്ന് ജാമിയ മില്ലിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആലിയാ ഭട്ട് പറഞ്ഞു. ഇതുവരെ ഹിന്ദി ചലച്ചിത്ര രംഗത്തെ വളരെ കുറച്ച് പ്രമുഖര്‍ മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളൂ. അതിനിടയിലാണ് ആലിയ ഭട്ടിന്റെ പ്രതികരണം.

ഇന്ത്യന്‍ ഭരണഘടന ചിത്രം ഇന്‍സ്റ്റാഗ്രാമിലെ സ്റ്റാറ്റസായി നല്‍കിയ ആലിയ വിദ്യാര്‍ത്ഥികളെ കണ്ടുപഠിക്കാനും ആഹ്വാനം ചെയ്യുന്നു. ഹോളിവുഡ് താരമായ ജോണ്‍ കുസാക്ക്, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടന്‍ രാജ്കുമാര്‍ റാവു, നടി സയാനി ഗുപ്ത തുടങ്ങിയവരാണ് ജാമിഅ മില്ലിയ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

SHARE