കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നാളെ; അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും

മധുര: മുതിര്‍ന്ന തമിഴ് നടന്‍ കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി നാളെ (ബുധനാഴ്ച) പ്രഖ്യാപിക്കും. മധുരൈയില്‍ നടക്കുന്ന റാലിയില്‍ പാര്‍ട്ടിയുടെ പേരും ‘മാര്‍ഗ നിര്‍ദേശ തത്വ’ങ്ങളും പ്രഖ്യാപിച്ച ശേഷം ജനങ്ങളുടെ പിന്തുണ തേടി തമിഴ്‌നാട്ടില്‍ പര്യടനം നടത്തും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സാന്നിധ്യത്തിലായിരിക്കും മധുരയിലെ റാലി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും വീഡിയോ സന്ദേശം നല്‍കിയേക്കുമെന്നാണ് സൂചന. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കാന്‍ ഇടയില്ല.

തമിഴ്‌നാടിനെ ഗ്രസിച്ച രാഷ്ട്രീയ ജീര്‍ണതക്കെതിരെ സംസ്ഥാനത്തുടനീളം പര്യടനം നടത്തുമെന്ന് ജനുവരിയില്‍ കമല്‍ ഹാസന്‍ അറിയിച്ചിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളും അവരെ ബാധിക്കുന്ന കാര്യങ്ങളും അവരുടെ ആഗ്രഹങ്ങളുമെല്ലാം നേരിട്ടറിയുകയാണ് പര്യടനത്തിന്റെ ലക്ഷ്യമെന്നും ഇതൊരു വിപ്ലവമോ ഗ്ലാമര്‍ കൂട്ടായ്മയോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ രജനികാന്തിനെ കമല്‍ ഹാസന്‍ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. മധുരയിലെ റാലിയിലേക്ക് രജനിയെ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും കമല്‍ പറഞ്ഞു.

പര്യടനത്തിന്റെ ആദ്യഘട്ടത്തില്‍ മധുരക്കു പുറമെ തന്റെ നഗരമായ രാമനാഥപുരത്തും ദിണ്ഡിഗല്‍, ശിവഗംഗ ജില്ലകളിലും കമല്‍ ഹാസന്‍ പര്യടനം നടത്തും.