രാഹുലിനെ സന്ദര്‍ശിച്ചതിന് പിന്നാലെ സോണിയയുമായും കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം നേതാവും തമിഴ് സിനിമാ താരവുമായ കമല്‍ഹാസന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്‌തെന്ന് കൂടിക്കാഴ്ചക്കു ശേഷം കമല്‍ പറഞ്ഞു.

അതേസമയം സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നും അത്തരത്തില്‍ ഇത്രനേരത്തെ തന്നെ നീങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് അവരുടെ അമ്മയുമായി കൂടിക്കാഴ്ച്ച നടത്തി എന്നേയുള്ളു. അവര്‍ ഒരു കുടുംബമാണെന്നും സന്ദര്‍ശനത്തെ അങ്ങനെ കണ്ടാല്‍ മതിയെന്നും കമല്‍ ഹാസന്‍ പറഞ്ഞു. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് പിന്നീട് കമല്‍ഹാസന്‍ പറഞ്ഞു.