‘പിരിച്ച പണം തിരിച്ചു നല്‍കും’; കമല്‍ഹാസന്‍

ചെന്നൈ: രൂപീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് സംഭാവനയായി ലഭിച്ച 30 കോടി രൂപ തമിഴ് ചലച്ചിത്ര താരം കമല്‍ ഹാസന്‍ തിരികെ നല്‍കുന്നു. ‘ആനന്ദ വികടനി’ലെ തന്റെ പ്രതിവാര പംക്തിയിലാണ് ‘ഉലക നായകന്‍’ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് സംഭാവനയായി തന്റെ ആരാധകര്‍ 30 കോടി രൂപ സ്വരൂപിച്ച കാര്യം ആഴ്ചകള്‍ക്കു മുമ്പ് കമല്‍ തന്നെയാണ് പുറത്തുവിട്ടത്.

‘സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആ പണം സൂക്ഷിച്ചു വെക്കാന്‍ കഴിയില്ല. അത് നിയമ വിരുദ്ധമാണ്. അതുകൊണ്ടു തന്നെ ആ പണം തിരിച്ചു നല്‍കുകയാണ്.’ 57-കാരന്‍ തന്റെ കോളത്തില്‍ പറഞ്ഞു. തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് കമല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ പ്രവേശത്തിന് സന്നദ്ധത അറിയിച്ച രജനികാന്ത് അടക്കമുള്ളവരുടെ പിന്തുണയോടെയാവും കമല്‍ പാര്‍ട്ടി രൂപീകരിക്കുക എന്നാണ് സൂചന.