‘നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയുണ്ട്;’ കമല്‍

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സംവിധായകന്‍ കമല്‍ രംഗത്ത്. സംഭവത്തെ തുടര്‍ന്നുണ്ടായ താരസംഘടനയായ ‘അമ്മ’യുടെ പരാമര്‍ശത്തിനേയും കമല്‍ വിമര്‍ശിച്ചു.

maxresdefault

കൊച്ചിയില്‍ യുവനടിക്കെതിരായി നടന്ന ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാധ്യമങ്ങള്‍ ദിലീപിനെ മാത്രം ടാര്‍ജറ്റ് ചെയ്തപ്പോഴാണ് താന്‍ ദിലീപിന് പിന്തുണയുമായെത്തിയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. നടിക്കെതിരായ ആക്രമണത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം ജനവികാരം മാനിച്ചുവേണമായിരുന്നു. ആര്‍ക്കെങ്കിലും നേരെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളുണ്ടെങ്കില്‍ അതും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ആദ്യമായി പറഞ്ഞത് താനാണ്. അത്തരത്തിലുള്ളൊരു ആക്രമണമാണ് നടിക്കുനേരെ നടന്നിട്ടുള്ളതെന്നാണ് വിശ്വസിക്കുന്നതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.

നടിയുടെ തിരിച്ചുവരവ് എല്ലാവര്‍ക്കും മാതൃകയാണ്. അവര്‍ക്കു നീതിലഭിക്കുന്നതിനുള്ള എല്ലാ പ്രതിഷേധകൂട്ടായ്മകള്‍ക്കും പിന്തുണ നല്‍കും. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ നിലപാട് പ്രശംസനീയമാണ്. മറ്റു മുതിര്‍ന്ന താരങ്ങള്‍ പൃഥ്വിരാജിനെ മാതൃകയാക്കണം. മൗനം ഫാസിസമാണ്. നടിമാര്‍ ഒറ്റക്ക് യാത്ര ചെയ്യരുതെന്ന അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നും കമല്‍ തുറന്നടിച്ചു.

SHARE