യുവന്റസിനെ വീഴ്ത്തി നപ്പോളി; ഇറ്റലിയില്‍ കിരീടപ്പോര് ഫോട്ടോ ഫിനീഷിലേക്ക്

റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൊമ്പുക്കോര്‍ത്തപ്പോള്‍ നാപ്പോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പിള്‍സ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാരക്കാരായ യുവന്റസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയന്റ് ടേബിളിയില്‍ യുവന്റസുമായുള്ള വ്യത്യാസം ഒന്നാക്കി ചുരുക്കാനം നാപ്പോളിക്കായി. നാലു മത്സരങ്ങള്‍ ശേഷിക്കെ ശക്തമായ കിരീട പോരാട്ടം നടക്കുന്ന ഇറ്റലിയില്‍ ഫോട്ടോ ഫീനിഷിലാവും ഇത്തവണ ചാമ്പ്യന്‍മാരെ കണ്ടെത്തുക.

 

ലീഗില്‍ 27 വര്‍ഷത്തിനു ശേഷം ആദ്യ കിരീടമിടുന്ന ലക്ഷ്യമിടുന്ന മികച്ച ഫുട്‌ബോളാണ് യുവന്റസിന്റെ മൈതാനിയില്‍ അഴിച്ചു വിട്ടത്. കളിയുടെ തുടക്കം മുതല്‍ക്കെ യുവന്റസ് ഗോള്‍മുഖത്ത് നിരന്തര ആക്രമണം അഴിച്ചു വിട്ട നാപ്പോളിക്ക് ഗോള്‍ മാത്രം വിട്ടുനിന്നു. ഒടുവില്‍ കളിയുടെ അവസാന മിനുട്ടില്‍ ജോസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും പ്രതിരോധ താരം കൗലിബാലിയാണ് ഗോളിനൊപ്പം നിര്‍ണായക വിജയം സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചത്.

 

34 മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ യുവന്റസിന് 85 പോയന്റും നാപ്പോളിക്ക് 84 പോയന്റുമാണുള്ളത്.ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍, റോമ എന്നിവരാണ് യുവന്റസിന്റെ എതിരാളികള്‍. അതേസമയം താരതമ്യേന ദുര്‍ബലരായ ടീമിനോട് നാപ്പോളിയുടെ കളികള്‍. റയലുമായി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ യുവന്റസിന് ലീഗിലെ തോല്‍വിയും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

 

യൂറോപിലെ മുന്‍നിര ലീഗുകളായ ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കും ഫ്രാന്‍സില്‍ പി.എസ്.ജിയും ഇതിനോടകം തന്നെ ചാമ്പ്യന്‍മാരായി. സ്‌പെയ്‌നില്‍ ബാര്‍സലോണ കിരീടം ഏറെകുറെയുറപ്പിച്ച സാഹചര്യമാണ്. നിലവില്‍ കിരീട് പോര് നടക്കുന്നത് ഇറ്റലിയില്‍ മാത്രമാണ്.