കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് രഥോത്സവം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ട്‌സ്‌പോട്ടായ കലബുറഗിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് രഥോത്സവം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂര്‍ റാവൂരിലെ സിദ്ധലിംഗേശ്വര യാത്ര ചടങ്ങിലാണ് ആയിരങ്ങള്‍ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ആഘോഷത്തില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജ്യത്ത് ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ ജില്ലകൂടിയാണ് വടക്കന്‍ കര്‍ണാടകയിലെ കലബുറഗി.

രഥോത്സവം റദ്ദാക്കുമെന്ന് സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്റ്റ് അറിയിച്ചിരുന്നെങ്കിലും താലൂക്ക് ഭരണാധികാരികളെ വിവരമറിയിക്കാതെ വ്യാഴാഴ്ച രാവിലെ ചടങ്ങ് നടത്തുകയായിരുന്നു. ക്ഷേത്ര ഭരണാധികാരികള്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ചിറ്റാപൂര്‍ തഹസില്‍ദാര്‍ ഉമാകാന്ത് ഹള്ളെ പ്രതികരിച്ചു.

SHARE