കളമശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിയായ മുരളീധരനാണ്(65) ഹൃദയാഘാതം മൂലം മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്. സാമ്പിള്‍ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. വീട്ടില്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ രോഗവ്യാപനം ചെറുക്കാന്‍ ഒരുപരിധി വരെ സാധിച്ചെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ മാത്രം ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്.

SHARE