കളമശേരി മണ്ഡലത്തില്‍ സേനയുടെ അടിയന്തിര സഹായം ആവശ്യപ്പെട്ട് എം.എല്‍.എ

കൊച്ചി: കളമശേരി നിയോജക മണ്ഡലത്തില്‍ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ വ്യോമസേനയുടെ അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ച് വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിലാണ്. ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായി കഴിഞ്ഞു.
ബോട്ട്, തോണി എന്നിവ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനം സാധ്യമല്ലാത്ത വിധം ഇവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സേനയുടെ ഇടപെടല്‍ കൊണ്ട് മാത്രമേ ഇവിടെയുള്ളവരെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളു.
ഇന്ന് പെരിയാറിലെ ജലനിരപ്പ് അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ധാരാളം ആളുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും അവരുടെ വീടുകളിലുമായി മുകള്‍ തട്ടില്‍ കഴിയുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. പലര്‍ക്കും ഭക്ഷണവും കുടിവെള്ളവും കിട്ടിയിട്ട് രണ്ടു മൂന്ന് ദിവസങ്ങളായി. മെഡിക്കല്‍ പരിചരണവും ലഭിച്ചിട്ടില്ല, വലിയ ദുരിതത്തിലാണ് കുട്ടികളും വൃദ്ധരും രോഗികളും അടക്കുന്ന ഇവിടങ്ങളിലെ ആള്‍ക്കാരെല്ലാം. രക്ഷാപ്രവര്‍ത്തനം ഇനിയും വൈകിയാല്‍ വലിയ ദുരന്തത്തിലേക്ക് അത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ എറണാകുളം ജില്ലയിലെ മുഴുവന്‍ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഉടന്‍ അടമയ്ക്കാന്‍ ജില്ല കളക്ടര്‍ ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്കാണ് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചിടേണ്ടത്.