കലാഭവന്‍ മണിയുടെ മരണം; ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്ന് സഹോദരന്‍

ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ നിഗമനങ്ങളെ വിമര്‍ശിച്ച് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ചില മരണങ്ങളില്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നു. ഈയിടെ ദുരൂഹസാഹചര്യത്തില്‍ മുങ്ങി മരിച്ച ദേവനന്ദയുടെ കേസിലെ ഫോറന്‍സിക് വിവരങ്ങളുടെ പത്രവാര്‍ത്ത പങ്കുവച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാമകൃഷ്ണന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ചില മരണങ്ങളിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളിൽ ഫോറൻസിക് റിപ്പോർട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ട്??? മണി ചേട്ടൻ്റെ മരണകാരണം മീഥൈയ്ൽ ആൽക്കഹോൽ പോയ്സൺ ഉള്ളിൽ ചെന്നിട്ടാണ് എന്ന് കാക്കനാട് ഫോറൻസിക് ലാബും ഹൈദരാബാദ് ലാബും വിലയിരുത്തിയിട്ടുണ്ടായിരുന്നത്.. ഇതു പ്രകാരം കേസ് കോടതിയിൽ പരിഗണിച്ചപ്പോഴും കേരളത്തിലെ മെഡിക്കൽ വിഭാഗത്തോട് റിപ്പോർട്ട് ഒരിക്കൽ കൂടി കോടതി ആവശ്യപ്പെട്ടപ്പോഴും മെഡിക്കൽ ബോർഡ് സംഘങ്ങൾ കോടതിയിൽ ബോധിപ്പിച്ചത് മീഥെയിൽ ആൽക്കഹോൽ പോയ്സൺ ആണ് Cause to Death ആയി പറഞ്ഞ കാരണം.കാക്കനാട് ലാബിൻ്റെ പരിശോധന ഫലത്തേക്കാൾ ഇരട്ടിയായിരുന്നു ഹൈദരാബാദ് ലാബിൻ്റെ പരിശോധനയിൽ കണ്ടത്. എന്നാൽ സി.ബി.ഐ ഇതിനെയെല്ലാം തള്ളിയിരിക്കുകയാണിപ്പോൾ. കേരളത്തിൽ നടക്കുന്ന ദുരുഹ മരണങ്ങളുടെ നിഗമനങ്ങൾ കണ്ടെത്തുന്നത് നമ്മുടെ ഫോറൻസിക് ലാബുകളിലൂടെയാണ്.ഈ ലാബുകളുടെ പരിശോധനാ ഫലങ്ങളെ തള്ളുകയാണെങ്കിൽ ഈ സ്ഥാപനങ്ങൾ ഇവിടെ നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയുണ്ടോ?ഇനി അന്വേഷിച്ച് കണ്ടെത്തേണ്ട നിരവധിദുരൂഹ മരണങ്ങളുടെ അടിസ്ഥാന റിപ്പോർട്ടുകൾ തരേണ്ടത് ഈ ലാബുകളാണ്.ഈ ലാബുകളുടെ നിഗമനങ്ങളെ തള്ളുമ്പോൾ അത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട കേസുകളും ഇനി വരാനിരിക്കുന്ന തീർപ്പു കല്പിക്കേണ്ടതായ കേസുകളുടെ വിശ്വാസ്യത എങ്ങിനെയാണ് ഉറപ്പു വരുത്തുക ??? ഇരകളായ കുടുംബാംഗങ്ങൾക്ക് വലിയ ആശങ്കകളാണ് ഉണ്ടാകുന്നത് ‘ ആരെയാണ് വിശ്വസിക്കേണ്ടത്? അന്വേഷണ ഏജൻസികളെയോ? അതോ ഫോറൻസിക് ലാബുകളെയയോ?

SHARE