തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം കൊലപാതകം അല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ കോടതിക്ക് കൈമാറി.
മരണ കാരണം കരള്‍ രോഗമാണെന്നും തുടര്‍ച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പോണ്ടിച്ചേരിയിലെ ജിപ്‌മെറിലെ വിദഗ്ധ സംഘമാണ് സി.ബി.ഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
മണിയുടെ മരണം കരള്‍ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. മരണം കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചിരുന്നു.ഹൈദരാബാദ് ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മിഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കീടനാശിനിയുടെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെന്നതാണ് അന്നും കണ്ടെത്തിയത്. 2016 മാര്‍ച്ച് ആറിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കലാഭവന്‍ മണി മരണപ്പെട്ടത്.