ഐ.പി.എല്‍ 2017: പുതിയ റോളില്‍ മുഹമ്മദ് കൈഫ്

രാജ്‌കോട്ട്: മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സ് ടീമിന്റെ സഹ പരിശീലകനായേക്കും. മാനേജ്‌മെന്റുമായി ചര്‍ച്ച നടന്നുവരികയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നുമാണ്‌ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയുടെ ബ്രാഡ് ഹോജാണ് മുഖ്യ പരിശീലകന്‍. സുരേഷ് റെയ്‌ന നയിക്കുന്ന ഗുജറാത്ത് ലയണ്‍സ് ഐ.പി.എല്ലില്‍ താല്‍ക്കാലിക ടീമാണ്. വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് പകരമായാണ് ഗുജറാത്ത് ലയണ്‍സും റൈസിങ് പൂനെയും രണ്ട് വര്‍ഷത്തേക്ക് ഇടം നേടിയത്.

36കാരനായ കൈഫ് രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടി വിവിധ സീസണുകളില്‍ ബാറ്റേന്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ചാമ്പ്യന്മാരായ 2008ല്‍ കൈഫും ടീമിലുണ്ടായിരുന്നുവെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ബാറ്റിങ്ങിന് പുറമെ കൈഫിന്റെ ഫീല്‍ഡിങ് കരുത്തും പ്രസിദ്ധമാണ്. അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യ ആദ്യം നേടിയതും കൈഫിന്റെ നായകത്വത്തിലായിരുന്നു. നിലവില്‍ രഞ്ജിയില്‍ ഛത്തീസ്ഗഢിന്റെ നായകന്‍ കൂടിയാണ് കൈഫ്.

റെയ്‌നയെ കൂടാതെ ബ്രണ്ടന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച്, രവീന്ദ്ര ജദേജ എന്നിവരും ഗുജറാത്തിലുണ്ട്. കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാനത്തില്‍ പതറി. ഈ സീസണില്‍ മിന്നും പ്രകടനാണ് ടീം ലക്ഷ്യമിടുന്നത്. ഈ സീസണോടെ ഗുജറാത്ത് ലയണ്‍സ് ഐ.പി.എല്‍ ടീമുകളില്‍ നിന്ന് പുറത്തിരിക്കേണ്ടിവരും. 2017ലേക്കുള്ള ഐ.പി.എല്‍ താര ലേലം ഈ മാസം നടക്കും. മികച്ച താരങ്ങളെ സ്വന്തമാക്കി ഈ സീസണ്‍ നല്ല രീതിയില്‍ അവസാനിപ്പിക്കാനാവും ടീം ശ്രമിക്കുക.

SHARE