15 ദിവസത്തിനുള്ളില്‍ കഫീല്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കണം; സുപ്രീംകോടതി

ഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ ഖാന്റെ ജാമ്യഹര്‍ജി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. 15 ദിവസത്തിനുള്ളില്‍ കഫീലിന്റെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കണമെന്ന് അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

കഫീല്‍ ഖാന് ജാമ്യം നല്‍കണമോ ഇല്ലയോ എന്ന് ഹൈകോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കഫീല്‍ ഖാന്റെ ജാമ്യഹര്‍ജി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ കുടുംബം തീരുമാനിച്ചിരുന്നു. നേരത്തേ, കഫീല്‍ ഖാന്റെ മോചനത്തിനു വേണ്ടി സമര്‍പ്പിച്ച ഹരജിയില്‍ അലഹബാദ് ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്.

കേസ് കേള്‍ക്കുന്നത് 10 ദിവസം വീണ്ടും നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് 14 ദിവസം നീട്ടിനല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശസുരക്ഷ നിയമത്തിന്റെ കാലാവധി ആഗസ്റ്റ് 12ന് തീരാനിരിക്കെ മൂന്നു മാസത്തേക്കു കൂടി നീട്ടി അന്യായ തടങ്കല്‍ നീട്ടാനാണ് യോഗി സര്‍ക്കാര്‍ സമയം വാങ്ങിയതെന്ന് കഫീല്‍ ഖാന്റെ കുടുംബം കുറ്റപ്പെടുത്തിയിരുന്നു.

SHARE