കടവൂര്‍ ജയന്‍ വധക്കേസ്: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കൊച്ചി: കടവൂര്‍ ജയന്‍ വധക്കേസില്‍ ആര്‍.എസ്.എസുകാരായ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ്‌കുമാര്‍ സിയാണ് ശിക്ഷ വിധിച്ചത്. ഓരോ പ്രതികള്‍ക്കും 71,500 രൂപയും പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ തടവ് അനുഭവിക്കേണ്ടി വരും. കായംകുളം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ കോടതി മുമ്പാകെ ഹാജരാക്കിയാണ് ശിക്ഷ വിധിച്ചത്.

ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊല്ലം കടവൂര്‍ ജങ്ഷനു സമീപത്ത് 2012 ഫെബ്രുവരി ഏഴിനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ജയന്‍ കൊല്ലപ്പെട്ടത്. ജയന്‍ സംഘടന വിട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. പ്രതികള്‍ കുറ്റക്കാരാണന്നാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തുകയും പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴ വിധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച ആള്‍ കള്ളസാക്ഷിയാണന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസില്‍ വാദം കേട്ടത്.

SHARE