ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 9 ആര്‍എസ്എസ് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒമ്പതു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവുശിക്ഷ. പ്രതികള്‍ ഒരു ലക്ഷം രൂപവീതം പിഴ അടക്കണമെന്നും കോടതി വിധിച്ചു. കൊല്ലം ജില്ലാ അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ ഇന്നാണ് കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

പ്രതികള്‍ കുറ്റക്കാരാണെന്ന് ഫെബ്രുവരി രണ്ടിന് കോടതി വിധി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഒൡവില്‍ പോയത്. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിലാണ് ജയനെ കൊലപ്പെടുത്തിയത്.

തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു,മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അഭി നിവാസില്‍ രജനീഷ്, കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്തുവീട്ടില്‍ സുബ്രഹ്മണ്യന്‍, കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴത്തില്‍ പ്രിയരാജ്, കടവൂര്‍ കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍ എന്നിവരാണ് കോടതി കണ്ടെത്തിയ കുറ്റക്കാര്‍.

2012 ഫെബ്രുവരി ഏഴിനാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മുന്‍ആര്‍എസ്എസ് പ്രവര്‍ത്തകനായ കടവൂര്‍ കോയിപ്പുറത്ത് രാജേഷിനെ സംഘടനയില്‍ നിന്നും പോയതിനെച്ചൊല്ലി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ 23 സാക്ഷികളുടെ മൊഴിയും ആറ് മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38തൊണ്ടി മുതലുകളും രേഖകളും ഹാജരാക്കിയിരുന്നു.

SHARE