‘ചെറിയ പനിക്ക് ആരും വരേണ്ടെന്ന് മന്ത്രി കടകംപള്ളി; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചെറിയ പനിക്ക് ചികിത്സ തേടുന്നതിനായി ആരും വരരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 150 ജീവനക്കാര്‍ കോവിഡ് നിരീക്ഷണത്തില്‍ പോയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കോവിഡ് വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസുഖം വന്നിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. മറ്റ് വിഭാഗങ്ങളിലെയും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപിയില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തും. ഏഴ് ഡോക്ടര്‍മാരടക്കം 17 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നഴ്‌സ്, ശസ്ത്രക്രിയ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ എന്നിവര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടര്‍മാര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ജില്ലയിലെ പ്രധാന േേകാവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

േേകാവിഡ് ഡ്യൂട്ടി എടുക്കാത്തവര്‍ക്കടക്കം രോഗം ബാധിച്ച സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവുമായി നഴ്‌സ്മാരുടെ സംഘടന രംഗത്തെത്തി. പരിശോധന കൂട്ടുന്നത് അടക്കമുള്ള അടിയന്തിര നടപടിയാണ് നേഴ്‌സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. 07, 15, 18,19 വാര്‍ഡുകള്‍ ഓര്‍ത്തോ, സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്കിലെ ചില വിഭാഗങ്ങള്‍, എന്നിവ വ്യാപന ഭീഷണിയിലാണ്. ശസ്ത്രക്രിയ വാര്‍ഡ് നേരത്തെ അടച്ചിരുന്നു. കൂടുതല്‍ ഡിപ്പാര്‍ട്ടമെന്റുകള്‍ അടച്ചിടേണ്ടിവരും. രോഗികള്‍ക്ക് കൂട്ടിരിപ്പിനെത്തിയവരില്‍ നിന്നാണ് വ്യാപനമെന്നാണ് നിഗമനം.

അതേസമയം, സമ്പര്‍ക്ക വ്യാപനം ഉയര്‍ത്തുന്നത് തിരുവനന്തപുരം നഗരത്തില്‍ ആശങ്കയിലാക്കുകയാണ്. പേട്ട, സ്റ്റാച്യു, പേരൂര്‍ക്കട, കുടപ്പനക്കുന്ന്, തൈക്കാട് അടക്കമുള്ള മേഖലകളിലാണ് രോഗവ്യാപനം. കോവിഡ് രോഗികള്‍ ഇടപെട്ട പോത്തീസ്, ക്യുആര്‍എസ്, രാമചന്ദ്ര അടക്കം സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സര്‍ക്കാരോഫീസുകള്‍, ബാങ്കുകള്‍ എന്നിവയുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഇവിടങ്ങളില്‍ പോയവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. തിരുവനന്തപുരത്തിന്റെ തീരദേശ മേഖലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കിത്തുടങ്ങി.