ശബരിമലയില്‍ നടന്നത് വന്‍ കലാപ നീക്കം; വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി

ആക്ടിവിസ്റ്റ് അടക്കം രണ്ട് യുവതികള്‍ ശബരിമല കയറാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ന് നടന്നത് വന്‍ കലാപ നീക്കമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് ദേവസ്വം മന്ത്രി തന്റെ സംശയങ്ങള്‍ വെളിപ്പെടുത്തിയത്.

ആക്റ്റീവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ വലിയ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് സംഭവത്തിലെ ഗൂഡാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന തരത്തിലാണ് അ്‌ദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. വലിയ കലാപ നീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് വിഷയത്തില്‍ താന്‍ ഇടപെട്ടതെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല കയറാന്‍ ശ്രമിച്ച രഹന ഫാത്തിമയും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മില്‍ കൂടികാഴ്ച നടന്നെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.

അതേസമയം യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിന്റെ എടുത്തുച്ചാട്ടത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
സുപ്രീകോടതിയുടെ വിധിയില്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന ഈ സമയത്ത് സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതിന്റെ ലക്ഷ്യം തിരിച്ചറിയാന്‍ സര്‍ക്കാറിനു കഴിയാതെ പോയി.

ഇത്തരം കലാപ സാധ്യതകള്‍ സര്‍ക്കാര്‍ മുന്‍ക്കൂട്ടി കാണണ്ടതായിരുന്നു. ഇപ്പോള്‍ കാണിക്കുന്ന സമവായ ശ്രങ്ങള്‍ നേരത്തെ ആലോചിച്ചെങ്കില്‍ പ്രതിഷേധത്തിന്റെ ശക്തി തന്നെ കുറയുമായിരുന്നു.

മലകയറാന്‍ വന്ന യുവതികളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.