ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് പൗരത്വനിയമ ഭേദഗതി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കപില്‍ സിബല്‍. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദമാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കവേയാണ് കഴിഞ്ഞ ദിവസം പൗരത്വഭേദഗതി സംബന്ധിച്ച് കപില്‍ സിബല്‍ അഭിപ്രായപ്രകടനം നടത്തിയത്. ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ പറയുന്നത് ഭരണഘടനാപരമായി ഏറെ പ്രയാസകരമായ കാര്യമാണെന്നായിരുന്നു കപില്‍ സിബലിന്റെ വാക്കുകള്‍.
‘പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും സംബന്ധിച്ച് തങ്ങള്‍ അസന്തുഷ്ടരാണെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സന്ദേശമയയ്ക്കുകയാണ്. ജനസംഖ്യാരജിസ്റ്ററുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് സംസ്ഥാനങ്ങള്‍ പറയുന്നത്. ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് എനിക്ക് സംശയമുണ്ട്. അതൊരു ഇരുണ്ട അധ്യായമാണെന്നായിരുന്നു കപില്‍ സിബലിന്റെ പരാമര്‍ശം.