ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍ നടത്തിയ യാത്ര ഇതിനോടകം വിവാദമാകുകയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സുരേന്ദ്രന്‍ കോഴിക്കോടായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തിയതാണ് ലോക്ഡൗണ്‍ ലംഘിച്ചതാണെന്ന് അറിയുന്നത്.

അതേസമയം, ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സേവഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസിലായിരുന്നു സുരേന്ദ്രന്റെ യാത്ര എന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച ഒരു വാഹനത്തിന്റെ മറവിലാണ് സഞ്ചാരം എന്നും പൊലീസിന് വിവരം ലഭിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടിലിരിക്കണമെന്നാണ് ഉത്തരവ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. എന്നിട്ടും ഇതെല്ലാം അട്ടിമറിച്ചാണ് സുരേന്ദ്രന്റെ യാത്രയും വാര്‍ത്താ സമ്മേളനവും.

അതേസമയം, സുരേന്ദ്രന്റെ പൊലീസ് അറിഞ്ഞുകൊണ്ടാണ് യാത്ര നടത്തിയതെന്നുള്ള വാദം ഉന്നത പൊലീസുദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്.

SHARE