സുരേന്ദ്രന്റെ ‘മരിച്ച’വരുടെ പട്ടികയില്‍ നിന്ന് ഒരാള്‍ കൂടി നേരിട്ട് കോടതിയില്‍ ഹാജരായി

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ‘മരിച്ച’വരുടെ പട്ടികയില്‍ നിന്ന് ഒരാള്‍ കൂടി നേരിട്ട് ഹൈക്കോടതി മുമ്പാകെ ഹാജരായി. ഉപ്പള സ്വദേശി അബ്ദുല്ലയാണ് നേരിട്ടെത്തി തെളിവു നല്‍കിയത്. താന്‍ തന്നെയാണ് വോട്ട് ചെയ്തതെന്ന് അബ്ദുല്ല കോടതിയെ അറിയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ വിജയത്തിനെതിരെ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.സുരേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ സുരേന്ദ്രന്റെ ‘പരേതരു’ടെ പട്ടികയില്‍ നിന്നുള്ളവര്‍ മുമ്പും സമാനരീതിയില്‍ കോടതിയില്‍ നേരിട്ട് ഹാജരായിട്ടുണ്ട്. 37-ാം ബൂത്തിലെ 800-ാം വോട്ടറായ അമ്മദ് കുഞ്ഞിയാണ് നേരത്തെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ച് കോടതിയിലെത്തിയത്. സുരേന്ദ്രന്‍ സമര്‍പ്പിച്ച പട്ടിക അനുസരിച്ച് 259 പേരെയാണ് കോടതി വിളിച്ചുവരുത്തി തെളിവെടുക്കാന്‍ നോട്ടീസ് അയച്ചത്.