സന്നിധാനത്ത് വധശ്രമം: ജാമ്യം കിട്ടാതെ സുരേന്ദ്രന്‍; ജയിലില്‍ തുടരും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ വാറണ്ടില്ലാതെയാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ വെച്ചതെന്ന അഭിഭാഷകന്‍ രാം കുമാറിന്റെ വാദം തള്ളിയ കോടതി കേസിലെ ഒന്നാം പ്രതി സൂരജ് ഇലന്തൂര്‍, മറ്റ് പ്രതികളായ സൂരജ്, ഹരികൃഷ്ണന്‍, കൃഷ്ണപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയും തള്ളി. വിഷയത്തില്‍ അധിക വാദത്തിന് പൊലീസ് കോടതിയില്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്ന് 21 ാം തിയതി തന്നെ വാറണ്ട് നല്‍കിയിരുന്നെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്. അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. കേസില്‍ പതിമൂന്നാം പ്രതിയാണ് കെ സുരേന്ദ്രന്‍.

വിഷയത്തില്‍ പ്രിതികരിച്ച കെ സുരേന്ദ്രന്‍, പിണറായി വിജയന്‍ പകപോക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും എല്ലാപൗരാവകാശങ്ങളും ലംഘിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു.

അതേസമയം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും കെ സുരേന്ദ്രന് രണ്ട് കേസില്‍ ജാമ്യം കിട്ടി. 2013ല്‍ ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസ്, 2016ല്‍ നിയമം ലംഘിച്ച് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്നീ കേസുകളിലാണ് ജാമ്യം കിട്ടിയത്.

കെ.സുരേന്ദ്രനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം പൊലീസ് എത്തിച്ചിരുന്നു. കൊട്ടാരക്കര ജയിലില്‍നിന്നാണ് സുരേന്ദ്രനെ തിരുവനന്തപുരത്തെത്തിച്ചത്.