കണ്ണൂര്‍: പാലത്തായിലെ പോക്‌സോ കേസ് പൊലീസ് അട്ടിമറിച്ചതിന് പിന്നില്‍ സി.പി.എം നേതൃത്വമെന്ന് കെ സുധാകരന്‍ എം.പി. പോക്‌സോ വകുപ്പ് ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ കേസ് അട്ടിമറിക്കാന്‍ ഭരണ സ്വാധീനം ഉപയോഗിച്ചത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണെന്നും കെ സുധാകരന്‍ എം.പി പറഞ്ഞു.
കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് കുനിയില്‍ പത്മരാജന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന തരത്തില്‍ പോക്‌സോ വകുപ്പ് ഒഴിവാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പരാതി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ മെല്ലെപ്പോക്ക് നയമാണ് പൊലീസും സര്‍ക്കാറും തുടക്കത്തില്‍ സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ സമരത്തെ തുടര്‍ന്നാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത് തന്നെയെന്നും സുധാരകന്‍ ചൂണ്ടിക്കാട്ടി.
പോക്‌സോ കേസിന് ആധാരമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് വാദിക്കാനാണ് മന്ത്രി കെ.കെ ഷൈലജ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാനമായ കേസുകളില്‍ മുമ്പും ഇത്തരത്തില്‍ ഇടതു സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാളയാര്‍ കേസിലും പ്രതികള്‍ക്ക് വേണ്ടി ഭരണകൂടം ഇടപെട്ടത് കേരളം കണ്ടതാണ്. വാളയാര്‍ കേസില്‍ കുറ്റാരോപിതരുടെ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയും പാര്‍ട്ടിയുടെ അടുപ്പക്കാരനെ പ്രോസിക്യൂട്ടറായി നിയമിച്ചും കേസ് അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അധികാരത്തിലെത്തുമ്പോള്‍ പാവപ്പെട്ടവരെ ചവിട്ടിത്തേക്കുന്ന അതിക്രൂരന്മാരായ ഭരണാധികാരികളാണ് പിണറായിയും സി.പി.എം നേതാക്കളും. ഒരു സ്ത്രീ പീഡനക്കേസിലും സി.പി.എം ഇരയോട് നീതി പുലര്‍ത്തിയിട്ടില്ലെന്നും വേട്ടക്കാര്‍ക്കൊപ്പമാണെന്നും കെ സുധാകരന്‍ എം.പി കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാരിന്റെ കാലത്ത് പിഞ്ചുകുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. പാലത്തായി കേസിലൂടെ ഇരയൊടൊപ്പമുണ്ടന്ന് നടിക്കുകയും, വേട്ടക്കാരന്റെയൊപ്പം നടക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും കെ സുധാകരന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു.