കള്ളു കുടിയന്മാരോട് കാണിക്കുന്ന താത്പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണം: കെ. മുരളീധരന്‍

കോഴിക്കോട്: കള്ളുകുടിയന്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്ന് കെ. മുരളീധരന്‍ എം.പി. മദ്യഷാപ്പ് തുറന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകലം ലംഘിക്കപ്പെടുന്നതും എങ്ങനെയാണെന്നും മുരളീധരന്‍ ചോദിച്ചു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല, മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. ആപ്പ് സര്‍ക്കാറിനെ ആപ്പാക്കും. വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്. വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ ക്ഷേത്രങ്ങളിലും നടപ്പിലാക്കാം- മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഈ അവസ്ഥയില്‍ മദ്യ ഷാപ്പ് തുറന്ന മന്ത്രി ടി.പി രാമകൃഷ്ണന്‍ ഭാവിയില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരും. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതെല്ലാം നിസ്സാരവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണ്. അഞ്ചു മണിക്ക് മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനം റിയാലിറ്റി ഷോയില്‍ നിന്നും കള്ളം പറയുന്ന ഷോയായി മാറി. സര്‍ക്കാര്‍ ചിലവില്‍ എങ്ങനെ കള്ളം പറയാമെന്ന് കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രി- അദ്ദേഹം കുറ്റപ്പെടുത്തി.

ഗള്‍ഫില്‍ നിന്ന് വരുന്നവരെ സര്‍ക്കാര്‍ ചിലവില്‍ ക്വാറന്റീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം. അവരെ ഏറ്റെടുക്കാന്‍ യു.ഡി.എഫ് തയ്യാറാണ്. ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുക സര്‍ക്കാര്‍ ചിലവാക്കുന്നത് എങ്ങനെയാണെന്ന് പറയണമെന്നും കേരളത്തിന് പുറത്തുനിന്നുള്ളവരെ ഇവിടേക്ക് എത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.