ദേശീയ തലത്തില്‍ സഖ്യസാധ്യതകള്‍ പ്രയോജനപ്പെടുത്താത്തത് പരാജയ കാരണമായി: കെ മുരളീധരന്‍


തിരുവനന്തപുരം: ദേശീയ തലത്തില്‍ ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്‍. തിരുവനന്തപുരം പ്രസ്സ് കല്‍ബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫ് ശക്തമായ വിജയം നേടി. അതേ വിജയം തമിഴ്‌നാട്ടില്‍ ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള സഖ്യത്തിനും നേടാനായി. അവിടെ ശക്തമായാണ് പ്രതിപക്ഷ സഖ്യമുന്നണി പ്രവര്‍ത്തിച്ചത്. എന്നാല്‍ അതേനേട്ടം കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായില്ല. ഇവിടെ സഖ്യത്തിലെ ഉലച്ചിലുകളാണ്് പരാജയത്തിന് കാരണമായത്. ആം ആദ്മി പാര്‍ട്ടിയുമായി സംഖ്യമുണ്ടായെങ്കില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമായിരുന്നു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായി തോറ്റപ്പോള്‍ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ത്രിപുരയില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസ് നേടി. മൂന്നാം സ്ഥാനത്തേയക്ക് സി.പി.എം തള്ളപ്പെട്ടു.
ദേശീയ തലത്തിലെ പരാജയകാരണങ്ങല്‍ വിലയിരുത്തിയശേഷം കേരളത്തിലെ വിജയം കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കും. മോദിക്കെതിരെ രാഹുല്‍ഗാന്ധി എടുത്ത ശക്തമായ നിലപാടുകള്‍ സംസ്ഥാനതലങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന തോന്നല്‍ രാഹുല്‍ഗാന്ധിക്ക് ഉണ്ട്. അതാണ് അദ്ദേഹം രാജിക്ക് ഒരുങ്ങിയത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ പാടില്ല. ഒരു തെരഞ്ഞെടുപ്പ് പരാജയവും ജനാധിപത്യത്തില്‍ അവസാനമല്ല. തെറ്റുകള്‍ തിരുത്തി വീണ്ടും തിരിച്ചുവരും. നേതാക്കള്‍മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ താഴേത്തട്ടിലും പ്രവര്‍ത്തനം വേണം. അഖിലേന്ത്യാ തലത്തില്‍ സി.പി.എം കോണ്‍ഗ്രസിന്റെ ശത്രുവല്ല. കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമരാഷ്ട്രീയമാണ് ഇവിടത്തെ പ്രശ്‌നം. ആലപ്പുഴയിലെ ചെറിയ പരാജയം പാര്‍ട്ടി വിലയിരുത്തുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ ശക്തമായ അടിയൊഴുക്കകള്‍ ഉണ്ടായിട്ടുണ്ട്. ജയരാജന്റെ സ്വന്തം ബൂത്തില്‍ 200 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള കൂത്തുപറമ്പില്‍ 4300 വോട്ടുകള്‍ ലീഡ് നേടി. സംസ്ഥാനത്തുടനീളം സി.പി.എം വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.