അന്തരീക്ഷം മനസിലാക്കി കേരള ഗവര്‍ണര്‍ സ്വയം തിരിച്ച് പോകണം: കെ. മുരളീധരന്‍


കോട്ടയം: ആര്‍ എസ് എസിന്റെയും മോദിയുടെയും അജണ്ട നടപ്പാക്കാന്‍ കേരള ഗവര്‍ണര്‍ ശ്രമിച്ചാല്‍ ചടങ്ങുകളില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് കെ മുരളീധരന്‍ എം പി. കേരളത്തിലെ അന്തരീക്ഷം മനസിലാക്കി അദ്ദേഹം സ്വയം തിരിച്ച് പോകണം. പൗരത്വ നിയമഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കയാണ്. ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്നതാണ് ഭേദഗതി ബില്ല്. ഭരണഘടനാവിരുദ്ധമായ ഒരുനിയമം പാര്‍ലമെന്റിന് ഉണ്ടാക്കാന്‍ കഴിയില്ല. അതിന് നിലനില്‍പ്പുമില്ല. മുമ്പ് ഇത് പോലെ പാസ്സാക്കിയിട്ടുള്ള നിയമങ്ങളെ കോടതി റദ്ദാക്കിയ ചരിത്രമാണുള്ളത്. ഭൂരിപക്ഷം കൊണ്ട് എന്തും ചെയ്യാന്‍ ബി ജെ പിക്ക് കഴിയില്ല.പാര്‍ലമെന്റില്‍ അംഗബലം വെച്ച് പാസാക്കിയ നിയമം നടപ്പാക്കാന്‍ ഗവര്‍ണര്‍ എടുത്ത് ചാടേണ്ട കാര്യമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു

രാജ്യസഭയിലും നിയമസഭയിലും ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുടെ നോമിനേഷന്‍ ഇല്ലാതാക്കി. മുസ്‌ലിങ്ങളെ പൗരത്വത്തിന്റെ പേരില്‍ രാജ്യത്ത് ഇല്ലാതാക്കാന്‍ നോക്കുന്നു. നാളെ െ്രെകസ്തവര്‍ക്ക് നേരെയും എത്തും. ന്യൂനപക്ഷ വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യത്ത് വ്യാപക പ്രക്ഷോഭമാണ് നടക്കുന്നത്. ബി ജെ പി ക്ക് ഉള്ളില്‍പ്പോലും യോജിപ്പില്ല. അത് കൊണ്ട് സുപ്രീംകോടതി വിധി വരുന്നതു വരെ ഗവര്‍ണര്‍ കാത്തിരിക്കണം.അനാവശ്യമായിട്ടാണ് ഗവര്‍ണര്‍ വിവാദം ഉണ്ടാക്കിയത്.മൗലാനാ അബ്ദുള്‍ കലാം ആസാദും ഗാന്ധിജി യും പറയാത്ത വാക്കുകളാണ് ഗവര്‍ണര്‍ ഉദ്ധരിച്ചതെന്ന ് കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങല്‍ ഭയപ്പെട്ട് കഴിയുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള നീക്കത്തില്‍ സി പി എമ്മുമായി കേരളത്തിലും അകലം പാലിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിനെതിരെ കിട്ടാവുന്ന എല്ലാ ആയുധങ്ങളും പ്രയോഗിക്കും. ബി ജെ പി സര്‍ക്കാര്‍ ഇന്ത്യയുടെ ആകാശവും ഭൂമിയും വിറ്റു.റെയില്‍വെയുടെ കാര്യത്തില്‍ ലേലം വിളി നടക്കുകയാണിപ്പോള്‍. ഉടുതുണിയില്ലാതെ നടുറോഡില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ കെ മുരളീധരന്‍ വ്യക്തമാക്കി.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ 2020 പരിപാടിയിലും പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലും സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

SHARE