കോഴിക്കോട്: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. ലോക്ക്ഡൗണ്‍ തീരാന്‍ അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് എംപിമാരെ ഓര്‍മ്മ വന്നത്. ഇപ്പോഴാണ് ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. യുഡിഎഫ് യോഗം ബഹിഷ്‌കരിക്കില്ല. എന്നാല്‍ താന്‍ ഈ യോഗത്തിന് പോകില്ല. എംപിമാര്‍ മാത്രമായി യോഗം വിളിക്കണം. ഇപ്പോള്‍ വിളിച്ചത് എംഎല്‍എമാര്‍ക്ക് ഒപ്പമുള്ള യോഗം. ഇതില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവിതരണത്തിനുള്ള ആപ്പ് സര്‍ക്കാരിന് തന്നെ ആപ്പായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാഹി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചത് കേരളത്തിലെ കണ്ണര്‍ ജില്ലയിലാണ്. മരണം മാഹിയിലെന്നാണ് മുഖ്യമന്ത്രി പിണറായി പറയുന്നത്. മരണത്തിന്റെ എണ്ണത്തില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കരുത്. ഈ മരണം കേന്ദ്രം കേരളത്തിന്റെ കണക്കിലാണ് ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി പറയുന്നത് പോലെ മരണത്തിന്റെ എണ്ണം കുറച്ച് കാണിക്കരുത്. മരിച്ച മയ്യഴി സ്വദേശി മെഹ്‌റൂഫിന്റെ കുടുംബത്തോട് ചെയ്യുന്ന ക്രൂരതയാണിതെന്നും അദ്ദേഹം പറഞ്ഞു.