‘മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല’; കെ മുരളീധരന്‍ എം.പി

കണ്ണൂര്‍: മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് കെ. മുരളീധരന്‍ എം.പി. ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിന്റെ മേലുണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഒടി നസീര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഉപവാസ സമരം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. വിവാദത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും ആ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും ഇന്നലെ പറഞ്ഞിരുന്നു. അവാര്‍ഡ് നല്‍കിയത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.