മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്തുനല്‍കുന്നു; ഷഹീന്‍ബാഗ് സ്‌ക്വയറില്‍ കെ.മുരളീധരന്‍

കോഴിക്കോട്: മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന്‍ എംപി. പൗരത്വനിയമത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗിന്റെ അനിശ്ചിതകാല ഷഹീന്‍ബാഗ് സ്‌ക്വയറിന്റെ ഇരുപത്തി മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതയെ നുണകൊണ്ട് വഴിതിരിച്ചുവിട്ട കുടില ബുദ്ധിയുടെ ജാര സന്തതിയാണ് രണ്ടാം മോദി സര്‍ക്കാരെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ബിജെപിയുടെ ഉള്ളില്‍ ഗ്രൂപ്പിസത്തിനു കാരണം മുന്നാക്ക-പിന്നാക്ക സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. ബിജെപിയുടെ പൗരത്വ കണക്കെടുപ്പില്‍ പട്ടികജാതിവര്‍ഗങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഗാന്ധിജിയെക്കുറിച്ചു പോലും നുണ പ്രചരിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന യുഡിഎഫ് പ്രമേയം തടയുകയായിരുന്നു എല്‍ഡിഎഫ്. ഗവര്‍ണരെ തിരിച്ചു വിളിക്കാന്‍ പ്രമേയം പാസാക്കിയാലല്ലാതെ സംയുക്ത പ്രക്ഷോഭം ആലോചിക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഭിന്നശേഷിക്കാരായ ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് പ്രവര്‍ത്തകരാണ് ഇന്നലെ സമരത്തിനു നേതൃത്വം നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം അധ്യക്ഷനായിരുന്നു. വി.ടി.ബല്‍റാം എംഎല്‍എ, അപകടത്തെതുടര്‍ന്ന്കിടപ്പിലായ റഹീസ്, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് മനാഫ് ചേളാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.