ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറാണെന്ന് സംശയമുണ്ടെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണോയെന്ന് സംശയമുണ്ടെന്ന് വടകര എം.പി. കെ. മുരളീധരന്‍. ശ്രീറാം മദ്യപിച്ചോ എന്ന് അറിയാനുള്ള വൈദ്യപരിശോധനയ്ക്ക് ശ്രീറാമിനെ വിധേയനാക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും പിന്നില്‍ ശിവശങ്കര്‍ ആണോ എന്ന് ഇപ്പോള്‍ സംശയിക്കുന്നതായി മുരളീധരന്‍ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കെ മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു.

ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ നഗരത്തില്‍ പരസ്യമായി ഒരു സ്ത്രീയോടൊപ്പം സഞ്ചരിക്കുകയും മദ്യപിച്ച് വേഗത്തില്‍ കാറോടിച്ച് ഒരു മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശ്രീറാമിനൊപ്പമുള്ള സ്ത്രീയും പറഞ്ഞിരുന്നു അദ്ദേഹമായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന്. ആദ്യം ഒരു സസ്‌പെന്‍ഷന്‍ പിന്നെ തിരിച്ചെടുക്കല്‍ ഇതാണ് ശ്രീറാം കേസില്‍ സംഭവിച്ചത്. ഇതേ ലോബി തന്നെയാണോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായും മുരളീധരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു ഫഌറ്റില്‍ രാത്രികളില്‍ ചെന്ന് കുടിച്ച് കൂത്താടിയെന്ന് പരിസരവാസികളും റസിഡന്‍സ് അസോസിയേഷനുകളും പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇത് മുഖ്യമന്ത്രി അറിഞ്ഞിരിക്കേണ്ടതല്ലേ. പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴിവിട്ട് സഞ്ചരിക്കുന്നുവെന്ന് ഏതെങ്കിലും റിപ്പോര്‍ട്ട് അദ്ദേഹത്തിന് ഇന്റലിജന്‍സ് കൊടുത്തിരുന്നോ. കൊടുത്തിരുന്നെങ്കില്‍ എന്തുകൊണ്ട് അത് മുഖവിലയ്‌ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം ഓഫീസിലും സ്വന്തം വകുപ്പിലും എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ശിവശങ്കര്‍ സ്വപ്‌നയുടെ ഫഌറ്റിലെത്തി കുടിച്ച് ബഹളമുണ്ടാക്കിയതിനെ കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അര്‍ധരാത്രിയില്‍ ഒരു ഫഌറ്റിലേക്ക് തനിച്ച് പോകുന്നതും രാത്രി മുഴുവന്‍ അവിടെ ചിലവഴിക്കുന്നതും ഭരണഘടനയെ കുറിച്ച് സെമിനാര്‍ നടത്താനോ ഭാഗവത പാരായണത്തിനോ ഒന്നും ആയിരിക്കില്ലല്ലോ എന്നും മുരളീധരന്‍ പറഞ്ഞു. ഇതൊക്കെ നടക്കുന്നത് തലസ്ഥാനത്താണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് നടക്കുന്നത്. ഇതൊന്നും കണ്ടു പിടിക്കാന്‍ സാധിക്കുന്നില്ലേയെന്നും മുരളീധരന്‍ പറഞ്ഞു.