‘അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രിയുടെ ഓഫീസില്‍’; കെ മുരളീധരന്‍

തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ശുഹൈബിന്റെ യഥാര്‍ത്ഥ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന നിരാഹാരസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡമ്മി പ്രതികളെ വെച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ കണ്ണൂരില്‍ ഒരില പോലും അനങ്ങില്ല. അതുകൊണ്ടുതന്നെയാണ് ഈ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കും വ്യക്തമായ പങ്കുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നത്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെങ്കില്‍ പോലീസ് നായ ആദ്യം പോകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും രണ്ടാമത് പോകുന്നത് എ.കെ.ജി. സെന്ററിലേക്കും ആയിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

SHARE