എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒരു അനുഗ്രഹമായി നിന്ന മഹാനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.1977ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ചാണ് ശിഹാബ് തങ്ങളെ ഞാന്‍ ആദ്യമായി കാണുന്നത്. അച്ഛന്റെ കൂടെ യു.ഡി.എഫ്. നേതാക്കള്‍ ചര്‍ച്ചക്കിരിക്കുമ്പോഴാണ് യുവാവായ തങ്ങള്‍ വന്നെത്തിയത്.
മുസ്‌ലിംലീഗ് അദ്ധ്യക്ഷ പദവിയില്‍ തങ്ങള്‍ നിയമിതനായ തൊട്ടടുത്ത വര്‍ഷങ്ങളിലായിരുന്നു ഇത്.
തുടര്‍ന്ന് മരണം വരെയും ആ ബന്ധം ഒരു സ്‌നേഹസാന്നിദ്ധ്യമായി ഞാനനുഭവിച്ചു.
1989ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കോഴിക്കോട്ട് മല്‍സരിക്കുമ്പോഴാണ് ശിഹാബ് തങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്.
എന്റെ രാഷ്ട്രീയ വിജയങ്ങള്‍ക്ക് പിന്നില്‍ എക്കാലവും ശിഹാബ് തങ്ങളുണ്ടായിരുന്നു. ഇമ്പിച്ചിബാവക്കെതിരെ കോഴിക്കോട്ട് മല്‍സരിക്കുമ്പോള്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഊര്‍ജ്ജ്വസ്വലരായി രംഗത്തുണ്ടായിരുന്നു.
തങ്ങള്‍ അന്നു നടത്തിയ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തില്‍ വന്‍ ഇളക്കമാണുണ്ടാക്കിയത്.
എട്ടോളം പൊതുയോഗങ്ങളില്‍ തങ്ങള്‍ അന്നു സംബന്ധിച്ചിരുന്നു.
1999ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.എം. ഇബ്രാഹിമായിരുന്നു പ്രധാന എതിരാളി. വ്യക്തിഹത്യ നടത്തിയും,, വര്‍ഗീയകാര്‍ഡിറക്കിയും മറുപക്ഷത്ത് പ്രചരണം മുറുകുമ്പോള്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രതിരോധിക്കാന്‍ പാടുപെടുകയായിരുന്നു.
നട്ടെല്ലിന് കലശലായ വേദന കാരണം ശിഹാബ് തങ്ങളോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ച ഘട്ടമായിരുന്നു അത്.
എന്നാല്‍ കോഴിക്കോട്ടെ പ്രത്യേക സാഹചര്യങ്ങള്‍ മനസ്സിലാക്കിയ തങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശംപോലും വകവെക്കാതെ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടത്തിയ പര്യടനമാണ് എനിക്ക് ഉജ്ജ്വലമായ വിജയം നേടിത്തന്നത്…
കൊടുവള്ളി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തില്‍ ശിഹാബ് തങ്ങള്‍ ചികില്‍സാര്‍ത്ഥം അമേരിക്കയിലായിരുന്നു. കൊടുവള്ളിയില്‍ യു.ഡി.എഫ്. പിന്തുണയോടെ മല്‍സരിക്കുമ്പോള്‍ തങ്ങളുടെ അസാന്നിദ്ധ്യം എനിക്ക് പ്രയാസങ്ങളുണ്ടാക്കിയിരുന്നു.
ശിഹാബ് തങ്ങള്‍ പ്രചാരണ രംഗത്തില്ലാത്ത എന്റെ ആദ്യത്തെ മല്‍സരമായിരുന്നു അത്. ഞാനിപ്പോഴും വിശ്വസിക്കുന്നത് ആ സമയത്ത് തങ്ങള്‍ പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ്.
ശിഹാബ്തങ്ങളുടെ ആത്മീയ പരിവേഷത്തെ ചൊല്ലി യു.ഡി.എഫില്‍ ചില അപശബ്ദങ്ങള്‍ ഉണ്ടായപ്പോള്‍ ഞാന്‍ കെ.പി.സി.സി. പ്രസിഡണ്ടായിരുന്നു.വളരെ കര്‍ശനവും കണിശവുമായ നിലപാട് സ്വീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളോട് ഞാന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കള്‍ പലരും കേരളത്തിലെത്തുമ്പോള്‍ ഘടകകക്ഷി നേതാക്കള്‍ അവരെ അങ്ങോട്ട് ചെന്ന് കാണാറാണ് പതിവ്.
എന്നാല്‍ ശിഹാബ് തങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെ വീട്ടില്‍ ചെന്നു കാണുന്നത് രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഒരു ആത്മീയ ആചാര്യന്‍ കൂടി ആയതിനാലാണ്.ഇത് എല്ലാവരും ഓര്‍ക്കണമെന്നായിരുന്നു.. മാത്രമല്ല ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായതിന്റെ 25ാം വാര്‍ഷികാഘോഷത്തിന് പങ്കെടുക്കാന്‍ വേണ്ടി മാത്രം ശ്രീമതി സോണിയാഗാന്ധി കോഴിക്കോട്ട് വന്നത് കേന്ദ്രനേതൃത്വം ശിഹാബ് തങ്ങളെ എത്രമാത്രം ആദരിച്ചിരുന്നുവെന്ന കാര്യം വ്യക്തമാക്കുന്നു.
1992 ല്‍ എന്റെ അച്ഛന് കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സക്ക് പോയ ഘട്ടം ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയുടെ സമയമായിരുന്നു.കോണ്‍ഗ്രസ്സിനകത്ത് രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുകയും ഗ്രൂപ്പ് വടംവലി ശക്തി പ്രാപിക്കുകയും ചെയ്ത ഘട്ടത്തില്‍ ഒരു വീട്ടില്‍ രണ്ട് അടുക്കളയെന്ന പ്രതീതിയായിരുന്നു.മുഖ്യമന്ത്രി സ്ഥാനത്തിന്റെ ചുമതല കൊടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ അന്ന് ഡല്‍ഹിയിലുണ്ടായിരുന്ന തങ്ങളെ ഞങ്ങള്‍ നേരിട്ട് കണ്ടു.അന്ന് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തങ്ങള്‍ മുന്‍കൈ എടുത്തത് ഒരിക്കലും മറക്കാനാവില്ല…
മുസ്‌ലിംലീഗിലേക്ക് അഖിലേന്ത്യാ ലീഗ് തിരിച്ചുവന്ന ശേഷം അങ്ങനെയൊരു പിളര്‍പ്പ് ഉണ്ടായിട്ടേ ഇല്ലെന്ന തരത്തില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നതാണ് ശിഹാബ് തങ്ങള്‍ കൈവരിച്ച ഏറ്റവും വലിയ രാഷ്ട്രീയ വിജയം. പിളര്‍പ്പും വിഭാഗീയതയുമുണ്ടായ ഏതൊരു സംഘടനയിലും പിന്നീട് യോജിപ്പുണ്ടായാലും ആ ഭിന്നത മുഴച്ചുനില്‍ക്കുക സ്വാഭാവികമാണ്.
ഒരു ട്രെയിന്‍ യാത്രക്കിടയില്‍ തങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുസ്‌ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അങ്ങനെ ഒരു കാലമുണ്ടായിരുന്നുവെന്ന് പോലും ഞാനിപ്പോള്‍ മറന്നു പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരിച്ചുവന്നവര്‍ക്ക് ശിഹാബ് തങ്ങള്‍ അത്രയേറെ പരിഗണനയാണ് നല്‍കിയിരുന്നത്.
അനുകൂലിച്ചവരെയും എതിര്‍ത്തവരെയും എക്കാലത്തും ഒരുപോലെ കാണാന്‍ അദ്ദേഹത്തിന് സാധിച്ചു.
പിന്നീട് നടന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ അദൃശ്യ സാന്നിധ്യം എനിക്ക് അനുഗ്രഹമായി ഒപ്പമുണ്ടായിരുന്നു.
ആ ആത്മബന്ധം വടകരയിലെ വലിയ വിജയത്തിലും എനിക്ക് സഹായകമായി. രാഷ്ട്രീയത്തില്‍ എല്ലാ പ്രതിസന്ധികളിലും തങ്ങളും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടും തന്ന പിന്തുണയും അനുഗ്രഹവും അവിസ്മരണീയമാണ്.
ഇന്ന് ആ മഹാനായ മനുഷ്യന്റെ ഓര്‍മ്മകള്‍ക്ക് 11 വര്‍ഷം തികയുകയാണ്.. തങ്ങളുടെ മനസ്സിനകത്ത് എന്നും എനിക്കൊരു ഇടം ഉണ്ടായിരുന്നു.
ആ വാത്സല്യം ഒരു പുത്രനോടെന്ന പോലെ എനിക്ക് ലഭിച്ചിരുന്നു.
ആ വലിയ മനുഷ്യന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു…