കെ മുരളീധരനു പിന്നാലെ നസീറിനെ കാണാന്‍ പി ജയരാജനും എത്തി

കോഴിക്കോട്: സി.പി.എം മുന്‍ നേതാവും തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറുമായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ആസ്പത്രിയില്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിനും പിന്നാലെ പ്രതിസ്ഥാനത്തുള്ള സി.പി.എം നേതാവ് പി ജയരാജനുമെത്തി.

മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനെ കാണാന്‍ പോയത്. നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി ജയരാജന്‍ ചെലവഴിച്ച ജയരാജന്‍ സന്ദര്‍ശന വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖം കൊടുത്തില്ല. എന്നാല്‍ നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ അവകാശപ്പെട്ടു.

അതേസമയംകണ്ടാലറിയാവുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീറിന്റെ മൊഴി. തലശേരി എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, സി.ഒ.ടി നസീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.